ഇടുക്കി: മഹാരാഷ്ട്രയിൽ നടക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ ഗ്രാമപഞ്ചായത്ത് കോൺഫറൻസിലേക്ക് കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷിന് ക്ഷണം. ഐക്യരാഷ്ട്രസഭ നിശ്ചയിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി 22 മുതൽ 24 വരെ പൂനയിൽ നടത്തുന്ന ദേശീയ ശിൽപശാലയിൽ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചത്.
ശിൽപശാലയിലേക്ക് ക്ഷണം ലഭിച്ച ജില്ലയിലെ ഏക ഗ്രാമപഞ്ചായത്താണ് കൊന്നത്തടി. അജൈവ മാലിന്യ സംസ്‌കരണത്തിലെ പഞ്ചായത്തിന്റെ മികച്ച പ്രവർത്തനമാണ് നേട്ടത്തിന് അർഹമാക്കിയത്. വാതിൽപ്പടി ശേഖരണത്തിലും യൂസർഫീ ശേഖരണത്തിലും നൂറ് ശതമാനം വിജയം കൈവരിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് എന്ന നേട്ടവും കൊന്നത്തടിക്ക് സ്വന്തമാണ്.ജല സ്വയംപര്യാപ്തത, ക്ലീൻ ആൻഡ് ഗ്രീൻ എന്നീ പ്രമേയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനത്തെ പത്ത് ഗ്രാമ പഞ്ചായത്തുകൾക്കാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. ഖര, ദ്രവ മാലിന്യ പരിപാലനം, ഹരിതകർമ സേനയുടെ മികച്ച പ്രകടനം, മാതൃകാ മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകൾ, ജൈവവൈവിധ്യ പരിപാലനം, സ്വന്തമായി സസ്യ നഴ്‌സറികൾ /പാർക്കുകൾ, കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ, സൗരോർജ്ജ പദ്ധതികൾ തുടങ്ങിയവയാണ് ക്ലീൻ ആൻഡ് ഗ്രീൻ പ്രമേയത്തിൽ തെരെഞ്ഞെടുപ്പിന് പരിഗണിച്ചത്. ജല സ്വയംപര്യാപ്ത പ്രമേയത്തിൽ പൈപ്പ് വെള്ള കണക്ഷനുകൾ, സ്വന്തം കുടിവെള്ള പദ്ധതികൾ, ജലപരിശോധനാ സൗകര്യങ്ങൾ, ഭൂഗർഭജല പുനഃസ്ഥാപനം, മഴവെള്ള സംഭരണം, ജലവിഭവ ഉപകരണങ്ങളുടെ പരിപാലനം, കുടിവെള്ള പ്ലാന്റുകൾ, മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് അടിസ്ഥാന മാനദണ്ഡമായി കണക്കാക്കിയത്.