25 ബാങ്കുകളിലെ 13 ലക്ഷം ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിങ് സേവനം
ഇടുക്കി: ബാങ്കിങ് സേവനങ്ങളും പണമിടപാടുകളും പൂർണമായും ഡിജിറ്റലാക്കി ഇടുക്കി ജില്ല. സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലാ ഔദ്യോഗിക പ്രഖ്യാപനം ജില്ല കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിജിറ്റൽ പണമിടപാടുകളുടെ വിപുലീകരണത്തിനും ശാക്തീകരണത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ച പദ്ധതി ജൂണിലാണ് അഡ്വ.ഡീൻ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തത്. തുടർന്ന് സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം ബാങ്കുകൾ വിവിധ പ്രദേശങ്ങളിൽ ഡിജിറ്റൽ ബാങ്കിങ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചാണ് ജില്ലയെ സമ്പൂർണ ഡിജിറ്റലാക്കിയത് .
നിലവിലുള്ള സേവിങ്‌സ്, കറന്റ് അക്കൗണ്ട് ഗുണഭോക്താക്കളെ എ. ടി. എം., ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യു. പി. ഐ., ഭീം, ക്യൂആർ കോഡ്,എ. ഇ. പി. എസ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യു. പി. ഐ. 123 പേ തുടങ്ങിയ ഏതെങ്കിലും ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കറൻസി രഹിത ഇടപാടുകൾക്ക് പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.
25 വാണിജ്യ ബാങ്കുകളിലെ 13 ലക്ഷത്തോളം സേവിങ്‌സ്, കറന്റ് അക്കൗണ്ടുകൾക്കു ഏതെങ്കിലും ഒരു ഡിജിറ്റൽ മാധ്യമം ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ല സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ലക്ഷ്യം സാക്ഷാത്ക്കരിച്ചത്. യോഗത്തിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എ. ഗൗതമൻ, അസിസ്റ്റന്റ് ജനറൽ മാനേജർ പി. അശോക്, നബാർഡ് ഡി. ഡി. എം. അജീഷ് ബാലു എന്നിവർ സംസാരിച്ചു. യൂണിയൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ നരസിംഹകുമാർ സ്വാഗതവും ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി. രാജഗോപാലൻ നന്ദിയും പറഞ്ഞു.