ഇടുക്കിയിൽ തൊടുപുഴ മുനിസിപ്പാലിറ്റി, മണക്കാട്, കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെ റോഡുകൾ പരിശോധിച്ചു.
തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ജില്ലയിൽ ആരംഭിച്ചു. സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ്.ഷാനവാസിന്റെ നേതൃത്വത്തിൽ ദേശീയ പാത സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ എസ്. സജീവ്, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ സി.കെ.പ്രസാദ്,
എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ദിനം തൊടുപുഴ നിയോജക മണ്ഡലത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ നിർമ്മാണം നടക്കുന്ന റോഡുകളിൽ പരിശോധന നടത്തി. തൊടുപുഴ നിരത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ യു.എം. സൈലേന്ദ്രൻ, ഇടുക്കി സബ്ഡിവിഷൻ മെയിന്റനൻസ് അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാലി.കെ.എച്ച്, അസി. എൻജിനീയർമാരായ ആർ.രാജേഷ്, ഐജി മോൾ ജോർജ്, കാർത്തിക് കൃഷ്ണൻ എന്നിവരടങ്ങുന്ന രണ്ട് സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ മഴ മൂലം പുതുതായി പണിത പല റോഡുകളിലേയും ചില ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കാത്ത റോഡുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ എംഡി എസ്.ഷാനവാസ് അറിയിച്ചു.
14 ജില്ലകളിലെയും കണക്കുകൾ ശേഖരിച്ച ശേഷം സർക്കാരിന് റിപ്പോർട്ട് കൈമാറും. ഇത്തരം റോഡുകളിൽ ഉടനടി അറ്റകുറ്റപണികൾ നടത്തുന്നതിന് ശുപാർശ നൽകും. രണ്ടാം ദിനമായ ഇന്ന് ഇടുക്കി മണ്ഡലത്തിലെ റോഡുകളിലാണ് പരിശോധന നടത്തുക.
എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ദേശീയ പാത, പൊതുമരാമത്ത് നിരത്തു വിഭാഗം അധികൃതർ തൊടുപുഴ റെസ്റ്റ് ഹൗസിൽ യോഗം ചേർന്നാണ് പരിശോധിക്കേണ്ട റോഡുകളുടെ പട്ടിക തയ്യാറാക്കിയത്. ഇടുക്കിയിൽ പല ഇടങ്ങളിലായി 2330 കിലോമീറ്ററിൽ 7357.72 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്.
ഫോട്ടോ....സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ്.ഷാനവാസിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് ഇടുക്കി നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ സി.കെ.പ്രസാദ്, മുട്ടം അസി. എൻജിനീയർ ആർ.രാജേഷ് എന്നിവർ തൊടുപുഴ മണക്കാട് റോഡ് പരിശോധിക്കുന്നു.