 
തൊടുപുഴ: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ജില്ലാതല തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് തെരുവു നായയെ പിടികൂടുന്നതിന് പരിശീലനം നൽകി. വാഗമൺ ലൈവ്‌സ്റ്റോക്ക് ട്രെയിനിംഗ് സെന്ററിൽ നടത്തിയ പരിശീലനം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിനോയി പി. മാത്യു ഉദ്ഘാടനം ചെയ്തു. തിയറി ക്ലാസും പ്രായോഗിക പരിശീലനവും ഉൾപ്പെടെ സംഘടിപ്പിച്ച പരിശീലനത്തിൽ വിവിധ പഞ്ചായത്തുകളിൽ നിന്നു 44 പേർ പങ്കെടുത്തു. പരിചയസമ്പന്നരായ നായപിടുത്തക്കാരും വെറ്ററിനറി സർജന്മാരും ഉൾപ്പെട്ട സംഘമാണ് പ്രായോഗിക പരിശീലനം നൽകിയത്.
പരിപാടിയുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിലെ ബോണാമി മൊട്ടക്കുന്ന് പ്രദേശത്തെ തെരുവുനായകളെ പിടികൂടി വാക്‌സിനേഷൻ നൽകുകയും തിരിച്ചറിയുന്നതിന് കഴുത്തിന് മുകളിലായി സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളം പതിക്കുകയും ചെയ്തു. ശേഷം നായകളെ അതാത് സ്ഥലങ്ങളിൽ തിരികെ വിട്ടു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ എപിഡെമിയോളജിസ്റ്റും പി.ആർ.ഒ യുമായ ഡോ. നിശാന്ത് എം. പ്രഭ, ഡോ. അതുൽ മോഹൻ, ഡോ. ആശാകുമാരി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.തെരുവുനായ വന്ധ്യംകരണം ഊർജിതമാക്കുന്നതിന് മുന്നോടിയായി പട്ടിപിടുത്തക്കാർക്കും മൃഗസംരക്ഷണ ജീവനക്കാർക്കും ആരോഗ്യ വകുപ്പ് പ്രതിരോധ കുത്തിവയ്പ്പ് നൽകും. വളർത്തു നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്പ് എല്ലാ മൃഗാശുപത്രികളുലും പുരോഗമിക്കുകയാണ്. തുടർന്ന് വാർഡുകൾ തോറും ക്യാമ്പുകൾ സംഘടിപ്പിച്ച് വളർത്തുനായ വാക്‌സിനേഷൻ പൂർത്തിയാക്കി ലൈസൻസിങ്് നടപടികൾ ശക്തമാക്കാനാണ് തീരുമാനം.