നെടുംങ്കണ്ടം: കഴിഞ്ഞ ദിവസം കമ്പംമെട്ടിൽ തെരുവ്‌നായയുടെ കടിയേറ്റ പശു ചത്തു.
ഇതോടെ പേവിഷബാധയുള്ള നായയാണ് അന്നേ ദിവസം കമ്പംമെട്ടിലും പരിസരത്തുമുള്ള വളർത്തു മൃഗങ്ങളെ ആക്രമിച്ചതെന്ന സംശയം ബലപ്പെട്ടു. കമ്പംമെട്ട് വെള്ളിമലയിൽ ആൻസിതോമസിന്റെ വീട്ടിലെ പശുവാണ് ചത്തത്. 12ന് രാത്രിയാണ് തെരുവ്‌നായ പ്രദേശത്ത് ഭീതി വിതയ്ക്കുകയും നിരവധി വളർത്തു മൃഗങ്ങളെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. തൊഴുത്തിലും പറമ്പിലുമായി കെട്ടിയിട്ടിരുന്ന നിരവധി വളർത്തു മൃഗങ്ങൾക്കാണ് അന്ന് കടിയേറ്റ് . തുടർന്ന് നാട്ടുകാർ എത്തിതോടെ ഓടി രക്ഷപെട്ട നായ പ്രദേശത്തെ മറ്റ് തെരുവ്‌നായകളെയും ആക്രമിച്ചിരുന്നു. പശു ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കമ്പംമെട്ട് ,പാറക്കടവ്, അച്ചക്കട,കൂട്ടാർ,കുഴിത്തൊളു,കരുണാപുരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവ്‌നായ ശല്യം രൂക്ഷമാണ്, വിദ്യാർഥികൾക്ക് ഭീഷണിയായി കമ്പംമെട്ട് മഡോണ എൽ.പി.സ്‌കൂൾ പരിസരത്തും തെരുവ്‌നായകൾ ധാരാളമുണ്ട്.