തൊടുപുഴ: ജില്ലയിൽ നായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടി ജില്ല. ഇന്നലെ മാത്രം 35 പേർക്കാണ് ജില്ലയിൽ നായ്ക്കളുടെ കടിയേറ്റത്. ഈ മാസം ഇതുവരെ 164 പേരാണ് കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ തെരുവ് നായ്ക്കളും വളർത്തുനായ്ക്കളും ഉൾപ്പെടും. പ്രതിരോധ പ്രവർത്തനങ്ങളും നടപടികളും ഊർജിതമാക്കിയെങ്കിലും നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. അതേ സമയം ജില്ലയിലെ ഓരോ പഞ്ചായത്തിലും ഓരോ താത്കാലിക തെരവുവുനായ അഭയകേന്ദ്രം സ്ഥാപിക്കുമെന്നും നിലവിൽ പരിശീലനം ലഭിച്ച പട്ടിപിടുത്തക്കാരെ ഉപയോഗപ്പെടുത്തി ആദ്യപടിയായി എല്ലാ തെരുവുനായകൾക്കും വാക്‌സിനേഷൻ നൽകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. തെരുവുനായ വന്ധ്യംകരണം ഊർജിതമാക്കുന്നതിന് മുന്നോടിയായി പട്ടിപിടുത്തക്കാർക്കും മൃഗസംരക്ഷണ ജീവനക്കാർക്കും ആരോഗ്യ വകുപ്പ് പ്രതിരോധ കുത്തിവയ്പ്പ് നൽകും. വളർത്തു നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്പ് എല്ലാ മൃഗാശുപത്രികളുലും പുരോഗമിക്കുകയാണ്. തുടർന്ന് വാർഡുകൾ തോറും ക്യാമ്പുകൾ സംഘടിപ്പിച്ച് വളർത്തുനായ വാക്‌സിനേഷൻ പൂർത്തിയാക്കി ലൈസൻസിങ് നടപടികൾ ശക്തമാക്കാനാണ് തീരുമാനം.