തൊടുപുഴ: മോദി പ്രധാനമന്ത്രി ആണോ പ്രധാന തന്ത്രി ആണോ എന്ന് സംശയമാണെന്ന് സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്റധാനമന്ത്രി നല്ല പൂജാരിയാണ്. ഒരവസരം കിട്ടിയാൽ അപ്പോൾ തന്നെ പൂജ ചെയ്യും. ബാബറി മസ്ജിദ് പൊളിച്ചിടത്ത് പണിയുന്ന അമ്പലത്തിൽ തറക്കല്ലിട്ട് പൂജ നടത്തുന്നത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ന്യൂനപക്ഷങ്ങൾ എത്ര വേദനയോടെയാണിത് കണ്ട് നിൽക്കുന്നത്. ഇന്ത്യയുടെ മതേതരത്വം തകർക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ആർ.എസ്.എസിന്റെ മുൻഗണനകൾ മാത്രം നടപ്പാക്കുന്ന സർക്കാരാണ് ഇന്ത്യയിലുള്ളത്. ശതകോടീശ്വരന്മാരുടെ പിന്തുണയോടെ രാജ്യത്തെ വർഗീയവത്കരിക്കുകയാണ് മോദി. ബി.ജെ.പി പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകർത്തു. കേരളത്തിനു പുറത്തുനിന്ന് ബി.ജെ.പി ഹോൾസെയിലായി എം.എൽ.എമാരെ വാങ്ങുകയാണ്. അതൊന്നും രാഹുൽഗാന്ധി കാണുന്നില്ല. കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾ കാണാൻ രാഹുൽ ഗാന്ധിക്ക് കിട്ടിയ അവസരമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, നേതാക്കളായ എം.എം. മണി എം.എൽ.എ, വി.വി. മത്തായി, ടി.ആർ. സോമൻ,

ശിവൻ നായർ, പി.പി. സുമേഷ്, സനീഷ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.

ഗവർണർ അഞ്ചാം തരക്കാരനായി: എം.എം. മണി

നാലാം തരവും കടന്ന് അഞ്ചാം തരക്കാരനായി കേരളത്തിന്റെ ഗവർണർ മാറിയെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു. ഓർഡിനൻസുകളോ നിയമസഭ പാസാക്കിയ ബില്ലുകളോ അംഗീകരിക്കുന്നില്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ അദ്ദേഹം തയ്യാറാകുന്നില്ല. ജീവിതകാലം മുഴുവൻ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി കൂറുമാറ്റം നടത്തിയ ഗവർണർ ഇപ്പോൾ കേരളത്തിൽ ഭരണപ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുകയാണ്. ആർ.എസ്.എസുമായി ദീർഘനാളായി ബന്ധമുണ്ടെന്ന് പറയുന്നയാളാണ് അദ്ദേഹം. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ചേർന്ന് ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും മണി പറഞ്ഞു.