തൊടുപുഴ: കോലാനി മേഖലയിൽ ഒരു മാസത്തോളമായി കുടിവെള്ളവിതരണം മുടങ്ങിയതിനെ തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. നഗരസഭയിലെ 29, 30, 31 വാർഡുകളിലാണ് ഒരു മാസത്തോളമായി ജലവിതരണം മുടങ്ങിയത്. നഗരസഭയിലെ ഏറ്റവും സാധാരണക്കാരാണ് ഈ മേഖലയിൽ താമസിക്കുന്നത്. വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചത്. മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ രണ്ട് ദിവസത്തിനുള്ളിൽ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് വാട്ടർ അതോറിട്ടി അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ചെയർമാന് പുറമെ മുനിസിപ്പൽ കൗൺസിലർമാരായ കവിത അജി, ആർ. ഹരി, മെർളി രാജു, സി.പി.എം കോലാനി ലോക്കൽ സെക്രട്ടറി ആർ. പ്രശോഭ്, ലോക്കൽ കമ്മറ്റിയംഗം മനോജ് ഗോപിനാഥ് , അബ്ദുൾ റസാക്ക് എന്നിവർ സമരത്തിന് നേതൃത്വം നൽകി.