കട്ടപ്പന: കട്ടപ്പനയിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന ഇടനിലക്കാരൻ അറസ്റ്റിലായി. മൂന്നാം പ്രതി കുമളി വള്ളക്കടവ് തിരുവേലിയ്ക്കൽ ജിതേഷിനെയാണ് കുമളി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രണ്ടും നാലും പ്രതികൾ ഒളിവിലാണ്. ആഗസ്ത് 10ന് കരിമ്പാനിപ്പടിയിൽ വച്ച് കാറിൽ നിന്നാണ് സുവർണ്ണഗിരിയിൽ വാടയ്ക്ക് താമസിക്കുന്ന കണ്ണംകുളം അരുൺ ആനക്കൊമ്പുമായി പിടിയിലായത്. മറ്റൊരാൾക്ക് വിൽക്കാനായി കുമളിയ്ക്ക് കൊണ്ടുപോകും വഴിയാണ് വനം വകുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡ് പ്രതിയെ പിടികൂടിയത്. പ്രതി ജിതേഷിൽ നിന്നാണ് അരുണും ഇയാളുടെ സഹോദരീ ഭർത്താവും ചേർന്ന് ആറ് ലക്ഷത്തിന് ആനക്കൊമ്പ് വാങ്ങിയത്. എന്നാൽ മൂന്നാം പ്രതിയായ ജിതേഷിന് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്ന് വനംവകുപ്പ് അന്വേഷിച്ച് വരികെയാണ്. ഇടനിലക്കാരനായതിനാൽ പ്രതിക്ക് മറ്റ് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. 8.4 കിലോഗ്രാം തൂക്കമുള്ള കാട്ടാനയുടെ കൊമ്പാണ് പ്രതികൾ വിൽക്കാൻ ശ്രമം നടത്തിയത്. പ്രതിക്ക് കട്ടപ്പന കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.