 
കാഞ്ഞാർ: നിത്യവും അനേകം ആളുകൾ സഞ്ചരിക്കുന്ന വഴിയരികിൽ അപകടകരമായ വിധം വൈദ്യുതി പോസ്റ്റ് വീഴാറായി നിന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം.കാഞ്ഞാർ കൂര വളവിന് സമീപം കാണിയക്കാട്ട് കോളനിയിലേക്കുള്ള റോഡരികിലാണ് ഏത് സമയവും താഴെ വീഴാവുന്ന അവസ്ഥയിൽ വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്.ഉയരം കൂടിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ച് പുതിയ ലൈൻ സമീപകാലത്ത് വലിച്ചിരുന്നു.പഴയ വൈദ്യുതി പോസ്റ്റ് നിലനിർത്തിയാണ് പുതിയ പോസ്റ്റ് സ്ഥാപിച്ചത്.ഇത്തരം പോസ്റ്റുകളിൽ ഒന്നാണ് നിരവധി വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത്.പ്രദേശവാസികൾ വിവരം വൈദ്യുതി വകുപ്പ് അധികൃതരെ നിരവധി പ്രാവശ്യം അറിയിച്ചതാണ്.പോസ്റ്റിൻ്റെ ചുവട്ടിലെ മണ്ണ് ഇളകിയ നിലയിലാണ്.അപകട ഭീഷണി ഉയർത്തി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന പോസ്റ്റ് ഉടൻ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.