vehicle

തൊടുപുഴ: മത്സ്യാവശിഷ്ടങ്ങൾ കയറ്റിയ വണ്ടി പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടതിനെതുടർന്ന് പരിസരമാകെ ദുർഗന്ധം പരന്നതോടെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടോടെ കാഞ്ഞിരമറ്റം റോഡിൽ മാരിയിൽ ലോഡ്ജിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം. മൂപ്പിൽക്കടവ് പാലത്തിന് സമീപമുള്ള മീൻകടയുടെ അവശിഷ്ടങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസത്തെ അവശിഷ്ടങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. രാവിലെ മുതൽ പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. എന്നാൽ, ഇതിന്റെ ഉറവിടം പ്രദേശവാസികൾക്ക് മനസിലായില്ല. വൈകീട്ടോടെ ദുർഗന്ധമേറി. വാഹനത്തിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് മനസിലായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആദ്യം പൊലീസെത്തി. തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തിയത്. പതിവായി മത്സ്യാവശിഷ്ടങ്ങൾ സംസ്‌കരിക്കുന്നതിനായി കൊണ്ടുപോകുന്ന വാഹനത്തിൽ കഴിഞ്ഞ ദിവസം ഇവ കയറ്റാൻ കഴിഞ്ഞില്ല. ഇന്നലെ കയറ്റിവിടാനായി ഇരുന്നതാണെന്ന് കട നടത്തിപ്പുകാർ നഗരസഭ അധികൃതരോട് പറഞ്ഞു. മറ്റൊരാളുടെ ലൈസൻസിലാണ് കട നടത്തുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. മത്സ്യാവശിഷ്ടങ്ങൾ കയറ്റി വിട്ടതിന് ശേഷമാണ് വാഹനം നഗരസഭ പിടിച്ചെടുത്തത്. അടുത്ത ദിവസം തുടർനടപടി സ്വീകരിക്കും.