
തൊടുപുഴ: പതിനായിരങ്ങൾ അണിനിരന്ന ഭാരത് ജോഡോ യാത്രയിൽ തൊടുപുഴയിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ഇടത് കണ്ണിന്റെ കാഴ്ചശക്തി നഷ്ടമായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിനെ രാഹുൽ ഗാന്ധി ചേർത്ത് നിർത്തി ഒപ്പം നടന്നു. മൂന്ന് മിനിട്ടോളാം കൂടെ നടന്ന് പൊലീസ് അതിക്രമത്തെക്കുറിച്ചും കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ചോദിച്ചറിഞ്ഞ രാഹുൽ ബിലാലിനെ ആശ്വസിപ്പിച്ചാണ് മടക്കിയത്. യാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തവെ യാത്ര കടന്നു വരാത്ത ഇടുക്കി ജില്ലയിലെ പ്രവർത്തകർക്ക് പങ്കെടുക്കാൻ കെ.പി.സി.സി നിർദ്ദേശിച്ചത് കുത്തിയതോട് മുതൽ അരൂർ ജൻഷൻ വരെയായിരുന്നു. ഇതിനിടെയാണ് രാഹുലിനെ കാണാൻ ബിലാലിന് അവസരം ലഭിച്ചത്. ബിലാലിന്റെ അവസ്ഥ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു. ഒപ്പം രമേശ് ചെന്നിത്തല, കെ. മുരളീധരൻ എം.പി, ഡീൻ കുര്യാക്കോസ് എം.പി, ഭാരത് ജോഡോ യാത്ര ജില്ലാ കോർഡിനേറ്റർ റോയി കെ പൗലോസ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി ജന. സെക്രട്ടറി എസ്. അശോകൻ എന്നിവർ ഉണ്ടായിരുന്നു. ജൂൺ 14 നായിരുന്നു തൊടുപുഴയിൽ നടന്ന കോൺഗ്രസ് മാർച്ചിനിടെ ബിലാൽ സമദിന് പൊലീസിന്റെ ലാത്തി ചാർജ്ജിൽ കണ്ണിന് പരിക്കേറ്റത്. ഇടത് കണ്ണിന്റെ ഉള്ളിൽ ലാത്തിയടി ഏൽക്കുകയും കാഴ്ച ശക്തി പൂർണമായും ഇല്ലാതാവുകയും ചെയ്തിരുന്നു. എന്നാൽ അങ്കമാലിയിലും മധുരയിലുമായി സ്വകാര്യ ആശുപത്രികളിലുമായി സർജറികൾക്ക് ശേഷം ബിലാൽ സമദ് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന തുടർചികിത്സകളിലൂടെ മാത്രമേ കാഴ്ച പൂർണമായി തിരിച്ചു കിട്ടൂ.