തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കാമുകൻ ഏഴ് വയസുകാരനെ മർദ്ദിച്ചുകൊന്ന കേസിലെ കുറ്റപത്രം വായിക്കുന്നത് 28 ലേക്ക് മാറ്റി.തൊടുപുഴ അഡീഷ്ണൽ സെക്ഷൻസ് ജഡ്ജ് നിക്സൻ എം ജോസഫാണ് ഇത്‌ സംബന്ധിച്ച് നിർദേശം നൽകിയത്.2019 മാർച്ചിലാണ് കൊല്ലപ്പെട്ട ഏഴു വയസ്സുകാരനെയും നാല് വയസായ സഹോദരനെയും പ്രതി അരുൺ ആനന്ദ് ലൈംഗീക പീഡനത്തിന് ഇരയാക്കിതായി കണ്ടെത്തിയിരുന്നു.ഈ കേസിൽ പ്രതിയെ 19 വർഷം കഠിനതടവിനും 23.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി അരുൺ ആനന്ദ്.കഴിഞ്ഞ 19 ന് പ്രതിയെ നേരിട്ട് ഹാജരാക്കണം എന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്ന് ഹാജരാക്കാത്തതിനെ തുടർന്ന് ഇന്നലെ ഹാജരാക്കാൻ കർശന നിർദേശം നൽകിയിരുന്നു.

ഇന്നലെ രാവിലെ 10.15 മണിയോടെ അരുൺ ആനന്ദിനെ കോടതിയിൽ എത്തിച്ചിരുന്നു. കുറ്റപത്രത്തിൻമേൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന് സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് വീണ്ടും മാറ്റിയത്.പ്രൊസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു കോടതി അനുമതി നൽകിയത്.നിലവിൽ ഇതേ കേസിൽ മുമ്പ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളുകയും ആറ് മാസത്തിനുള്ളിൽ കേസിൻ്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരം മാപ്പുസാക്ഷിയായ അമ്മയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും തെളിവ് നശിപ്പിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി പ്രതിക്കെതിരെ കഴിഞ്ഞ ദിവസം വിചാരണ കോടതി ചുമത്തിയിരുന്നു. ഈ വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നില്ല.വിസ്തരിക്കാനുള്ള 50ൽപരം സാക്ഷികളുടെ പട്ടികയും ഇവരെ വിസ്തരിക്കേണ്ട തിയതിയും ഉൾപ്പെടെയുള്ള ഷെഡ്യൂൾ ലിസ്റ്റ് പ്രൊസിക്യൂഷൻ കോടതിയുടെ അനുമതിക്കായി സമർപ്പിച്ചു.പ്രോസിക്കുഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ: സി.എസ്. അജയനാണ് ഹാജരായത്. തിരുവനന്തപുരം കോടതിയിൽ 3, മുട്ടം ജില്ലാ കോടതിയിൽ 4 എന്നിങ്ങനെ മറ്റ് കേസുകളും പ്രതിയുടെ പേരിൽ നിലവിൽ നടക്കുന്നുണ്ട്.