പീരുമേട്: കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡല തല അവലോകന യോഗം വാഴൂർ സോമൻ എം.എൽ.എയുടെ നേതൃത്വത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. തദ്ദേശ സ്വയംഭരണം, സഹകരണം ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.
ചില പഞ്ചായത്തുകളിൽ ബാങ്കിൽ നിന്നും നിലവിൽ ഇതുവരെ ഒരു ലോൺ പോലും ലഭ്യമാക്കാൻ കഴിയാത്തത് വലിയൊരു പോരായ്മയായി എം എൽ എ ചൂണ്ടികാട്ടി. പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകണമെന്ന് എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും അവരുമായി ചർച്ചകൾ നടത്തണമെന്നും എം എൽ എ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് മികച്ച അവസരമൊരുക്കി വായ്പ അടക്കമുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കുന്നുണ്ട്. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. തൊഴിലന്വേഷകരും വീട്ടമ്മമാരും വിദ്യാർത്ഥികളും അടക്കം നാനാമേഖലകളിൽ നിന്നുള്ളവർക്ക് സംരംഭകരായി മാറാനുള്ള അവസരമുണ്ടാക്കുന്നുണ്ട്.
അവലോകന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം.ടി, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിനി ജയകുമാർ, ലീഡ് ജില്ലാ മാനേജർ രാജഗോപാൽ ജി, വ്യവസായ വകുപ്പ് ജില്ലാ ജനറൽ മാനേജർ ഇൻ ചാർജ് സാഹിൽ മുഹമ്മദ് , അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫിസർ രഘുനാഥ് കെ എ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, സെക്രട്ടറിമാർ, വ്യാവസായിക വകുപ്പ് ഇന്റേണുകൾ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
680 സംരംഭങ്ങൾ
പീരുമേട് നിയോജക മണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളിൽ നിന്നുമായി പദ്ധതിയുടെ ഭാഗമായി 680 സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിനും ഓരോ വ്യാവസായിക വകുപ്പ് ഇന്റേണുകളെ പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്. യോഗത്തിൽ ഓരോ പഞ്ചായത്തിലെയും ഇന്റേണുകൾ ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിയോജകമണ്ഡലത്തിൽ ഇതുവരെ 251 സംരംഭങ്ങൾ ആരംഭിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്ന 621 പേരെ മണ്ഡലത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ 251 സംരംഭക യൂണിറ്റുകൾ മണ്ഡലത്തിൽ ആരംഭിക്കുകയും 496 പേർക്ക് തൊഴിൽ നൽകുകയും ചെയ്തു