പീരുമേട്: കെ ഫോൺ പദ്ധതിയിൽ ഉൾപ്പെടുത്തി പീരുമേട് നിയമസഭ മണ്ഡലത്തിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ആലോചന യോഗം വാഴൂർ സോമൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കെ ഫോൺ കണക്ഷൻ നൽകുന്നത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് പ്രതിനിധ്യം നൽകും. 10ശതമാനം പട്ടിക ജാതി വിഭാഗത്തിനും മൂന്ന് ശതമാനം പട്ടിക വർഗ വിഭാഗത്തിനും നൽകും. പഞ്ചായത്ത് കമ്മറ്റിക്ക് ഉപഭോക്താക്കളെ കണ്ടെത്താൻ യോഗത്തിൽ നിർദേശം നൽകി. 30 നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഉപഭോക്താക്കളുടെ പട്ടിക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറൻ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രി പ്രഖ്യാപിച്ച 'ഒരു നിയോജക മണ്ഡലത്തിൽ നൂറ് വീടിന് കണക്ഷൻ' പദ്ധതി പ്രകാരം 14,000 വീട്ടിൽ ആദ്യം കണക്ഷൻ എത്തിക്കുന്നതിന്റെ ഭാഗമായാണ് പീരുമേട് നിയോജകമണ്ഡലത്തിലും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ശക്തമായ ഒപ്ടിക്കൽ ഫൈബർ ശൃംഖലവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ സർവീസ് പ്രൊവൈഡേഴ്‌സ് മുഖേന വീടുകളിലും ഓഫീസുകളിലും എത്തിക്കും. വിദൂര ഗ്രാമങ്ങളിലടക്കം ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതോടെ ഡിജിറ്റൽ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം ഏറ്റവും മികച്ച സംസ്ഥാനമാകും. യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ രാമചന്ദ്രൻ, പ്രിയ മോഹൻ, നിഷമോൾ ബിനോജ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.