മകംഇടി ഇന്ന്
തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യം, മകം ഉത്സവത്തിന് വൻഭക്തജന തിരക്ക്. ആയില്യം നാളായ ഇന്നലെ ആയിരങ്ങളാണ് ദർശനത്തിനും ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. വൈകിട്ട് തെക്കേ കാവിലേക്ക് എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം, നാദസ്വരം, പുള്ളുവൻപാട്ട്, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പ് ഭക്തർക്ക് ദർശന പുണ്യമേകി. തെക്കേക്കാവിൽ ഇറക്കി പൂജയ്ക്ക് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ദീപാരാധന, കളമെഴുത്തുംപാട്ടും, സർപ്പബലി എന്നീ ചടങ്ങുകളുമുണ്ടായിരുന്നു. സമാപന ദിവസമായ ഇന്ന് പുലർച്ചെ നാലിന് നിർമ്മാല്യദർശനം, 4.15ന് അഭിഷേകങ്ങൾ, അഞ്ചിന് ഗണപതിഹോമം, 6.30ന് നൂറുംപാലും നേദ്യം, 9.30ന് മകം ഇടി, 11ന് ഉച്ചപൂജ, പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് നട തുറക്കും. 6.30 ന് വിശേഷാൽ ദീപാരാധന നടത്തും. മഹോത്സവത്തോടനുബന്ധിച്ച് നെൽപറ, മഞ്ഞൾപറ എന്നിവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.