നെടുങ്കണ്ടം : ഗൃഹനാഥൻമാരുടെ മരണത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയ രണ്ട് നിർദ്ധന കുടുംബങ്ങളെ സഹായിക്കാൻ നെടുങ്കണ്ടത്ത് രൂപികരിച്ച മരണാനന്തര കുടുംബ സഹായ നിധിയിലേക്ക് മുട്ടനാടിനെ കൈമാറി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ആടിനെ 25ന് വൈകുന്നേരം 4 ന് നടക്കുന്ന ഓണഘോഷ പരിപാടിയിൽ ലേലം ചെയ്യുമെന്ന് കുടുംബ സഹായ നിധി ഭാരവാഹികൾ പറഞ്ഞു. ആടിനെ ലേലം ചെയ്ത് ലഭിക്കുന്ന തുക കുടുംബ സഹായ നിധിയിലേക്ക് കൈമാറും.
കഴിഞ്ഞ മാസം 11 ന് നെടുങ്കണ്ടം കിഴക്കേക്കവലയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കുര്യൻപ്ലാക്കൽ സുനീഷ് സുരേന്ദ്രൻ, കഴിഞ്ഞമാസം രോഗബാധിതനായി മരിച്ച പുതുവിള പുത്തൻവീട്ടിൽ രമേഷ് ദാസ് എന്നിവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് നെടുങ്കണ്ടത്തെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും സഹകരണ ബാങ്ക് ഭരണസമിതി, ഒട്ടോ ടാക്‌സി സംഘടനാ നേതൃത്വം എന്നിവരുടെ നേതൃത്വത്തിൽ കുടുംബ സഹായ നിധിക്ക് രൂപം നൽകിയത്. 38 വയസുവീതം പ്രായമുള്ള ഇവരാണ് ഇവരുടെ കുടുംബങ്ങൾ പുലർത്തിയിരുന്നത്. സുനീഷിന് മൂന്നും രമേഷിന് രണ്ടും പെൺമക്കളാണുള്ളത്. ഇവരുടെ വിദ്യാഭ്യാസം, ജീവിത ചെലവുകൾ തുടങ്ങിയവ വഹിക്കാനാകാത്ത സ്ഥിതിയിലാണ് കുടുംബങ്ങൾ. ഡീൻ കുര്യക്കോസ് എം.പി, എം.എം മണി എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ എന്നിവർ രക്ഷാധികാരികളായുള്ള ജനകീയ കമ്മറ്റി ഫെഡറൽ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ കുടുംബങ്ങൾക്കായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ 10180100286671(എഫ്.ഡി.ആർ.എൽ 0001018) എന്ന അക്കൗണ്ടിലേക്ക് സംഭാവനകൾ അയയ്‌ക്കേണ്ടതാണെന്ന് കുടുംബ സഹായ നിധി ഭാരവാഹികൾ അറിയിച്ചു.