ഇടുക്കി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലും രണ്ടിടങ്ങളിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. തൊടുപുഴ കുമ്പംകല്ലിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പെരുവന്താനത്തുള്ള കോട്ടയം ജില്ലാ നേതാവിന്റെ വീട്ടിലുമായിരുന്നു പരിശോധന. തുടർന്ന് പെരുവന്താനത്ത് നിന്ന് കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി.എസ്. സൈനുദ്ദീനെ സംഘം കസ്റ്റഡിയിലെടുത്തു. എൻ.ഐ.എയുടെ റെയ്ഡ് മൊബൈലിൽ ചിത്രീകരിച്ച ഇദ്ദേഹത്തിന്റെ മകനെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു രണ്ടിടങ്ങളിലും പരിശോധന നടന്നത്. ഒരു വാൻ നിറയെ സായുധരായ സി.ആർ.പി.എഫ് സേനയടക്കം അഞ്ചോളം വാഹനങ്ങളിലാണ് എൻ.ഐ.എ സംഘമെത്തിയത്. തൊടുപുഴ കുമ്പംകല്ലിലെ ജില്ലാ ഓഫീസിൽ നിന്ന് പലരേഖകളും നോട്ടീസുകളും പിടിച്ചെടുത്തു. എന്നാൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. രാവിലെ ഏഴ് മണിയോടെ റെയ്ഡ് അവസാനിപ്പിച്ച് കസ്റ്റഡിയിലുള്ളയാളുമായി സംഘം കൊച്ചിയ്ക്ക് തിരികെ പോയി. റെയ്ഡ് വിവരമറിഞ്ഞ് രാവിലെയോടെ രണ്ടിടത്തും പാർട്ടി പ്രവർത്തകർ തടിച്ച് കൂടിയെങ്കിലും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താൻ മുതിർന്നില്ല. സംസ്ഥാന വ്യാപകമായ അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലയിലുടനീളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ പ്രകടനം നടത്തി. ഇന്ന് ഹർത്താലിനോടനുബന്ധിച്ച് ജില്ലയിലെമ്പാടും പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് നൗഷാദ് ടി.എ പറഞ്ഞു.
അപ്രതീക്ഷിത നീക്കം
പുലർച്ചെ മൂന്ന് മണിയോടെയാണ് എൻ.ഐ.എ സംഘം അഞ്ച് വാഹനങ്ങളിലായി തൊടുപുഴ കുമ്പംകല്ലിലെ ഓഫീസിലെത്തുന്നത്. ഓഫീസിലെ ബോർഡിലുള്ള ഫോൺ നമ്പറിൽ വിളിച്ച് ഇടവെട്ടിയിൽ താമസിക്കുന്ന തൊടുപുഴ ഏരിയാ പ്രസിഡന്റിനെ വിളിച്ചുവരുത്തി. തുടർന്ന് അദ്ദേഹം ഓഫീസ് പരിശോധനയ്ക്കായി തുറന്നു നൽകി. നാല് മണിക്കൂറോളം നീണ്ട പരിശോധനയിൽ രണ്ട് മാസം മുമ്പ് ആലപ്പുഴയിൽ നടന്ന പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും പോസ്റ്ററുകളും കസ്റ്റഡിയിലെടുത്തതായി പാർട്ടി പ്രവർത്തകർ പറഞ്ഞു. തേജസ് ദ്വൈവാരികയും പിടിച്ചെടുത്തു. ഏഴ് മണിയോടെ സംഘം പരിശോധന അവസാനിപ്പിച്ച് മടങ്ങി. എൻ.ഐ.എ റെയ്ഡ് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയടക്കം വളരെ ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. ഡിവൈ.എസ്.പിക്ക് താഴെയുള്ള ഉദ്യോഗസ്ഥരോട് ജാഗ്രതയായിരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.