തൊടുപുഴ/പീരുമേട്/നെടുങ്കണ്ടം/ കട്ടപ്പന: ദേശീയ- സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. മുൻകരുതലെന്ന നിലയിൽ അടിമാലി ഇരുമ്പ്പാലത്ത് മൂന്ന് പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇരുമ്പുപാലം സ്വദേശികളായ മെഴുകുംചാൽ മറ്റത്തിനാൽ സലാം (34), പൊട്ടയ്ക്കമേളേൽ മുഹമ്മദ് ഇക്ബാൽ (24), നടുകുടിയിൽ കാസിം പരീത് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് നെടുങ്കണ്ടത്ത് 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ മറ്റിടങ്ങളിലൊന്നും പ്രകടനം നടത്തിയില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ പൊതുവെ ഹർത്താൽ സമാധാനപരമായിരുന്നു. കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി നേതാക്കൾ അറിയിച്ചെങ്കിലും നാമമാത്രമായ കടകൾ മാത്രമാണ് തുറന്നത്. ലോറേഞ്ച് മേഖലയിൽ തൊടുപുഴ നഗരത്തിലടക്കം കടകൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ചിലയിടങ്ങളിൽ ഹർത്താലനുകൂലികൾ നിർബന്ധപൂർവം വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. സാധാരണ ഹർത്താൽ ദിവസങ്ങളിൽ കടകൾ തുറക്കുന്ന കുമ്പംകല്ലിൽ രാവിലെ ഹർത്താലനുകൂലികളെത്തി കടകളടപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.

കട്ടപ്പനയിലും കച്ചവടസ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്നില്ല. തുറന്നുപ്രവർത്തിച്ച ബാങ്കുകളും സ്വകാര്യ ഫിനാൻസ് കമ്പനികളും ബലമായി അടപ്പിച്ചു. എന്നാൽ ദീർഘദൂര കെ.എസ്.ആർ.ടിസി ബസുകളും ചില ഓട്ടോ ടാക്‌സികളും സർവീസ് നടത്തി. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് ഏതാനും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചതൊഴിച്ചാൽ മറ്റെല്ലായിടത്തും കടകൾ അടഞ്ഞു കിടന്നു. രാവിലെ നിരത്തുകളിൽ ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടിയതെങ്കിലും 10 മണിയോടെ വാഹനങ്ങൾ നിരത്തുകളിൽ സജീവമായി. വ്യാഴാഴ്ച രാത്രിയിൽ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയതൊഴിച്ചാൽ ഹർത്താൽ ദിനത്തിൽ പ്രവർത്തകർ ആരും തന്നെ വാഹനങ്ങൾ തടയാനും പ്രതിഷേധിക്കാനും എത്തിയില്ല. പ്രധാന ടൗണുകളിലെല്ലാം കനത്ത പൊലീസ് കാവലുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചില്ലെങ്കിലും ചില സർക്കാർ സ്ഥാനങ്ങൾ പ്രവർത്തിച്ചു. കളക്ടറേറ്റിലും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലുമടക്കം പലയിടത്തും ഹാജർനില നന്നേ കുറവായിരുന്നു. ജില്ലാ പി.എസ്.സി ഓഫീസിൽ 40 ജീവനക്കാരുള്ളതിൽ 20 പേർ മാത്രമാണ് ഹാജരായത്. സ്വകാര്യ- സർക്കാർ സ്‌കൂളുകൾ പ്രവർത്തിച്ചില്ല.
നെടുങ്കണ്ടത്ത് രാവിലെ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ നഗരത്തിലെ കടകൾ അടപ്പിച്ചു. നെടുങ്കണ്ടം, തൂക്കുപാലം മേഖലകളിൽ ഹർത്താൽ പൂർണമായിരുന്നു.

അടിമാലി ടൗണിൽ ചില വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. കഞ്ഞിക്കുഴി വെണ്മണിയിൽ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു. ചെറുതോണിയിൽ ഓട്ടോറിക്ഷകളും മറ്റ് ടാക്‌സി വാഹനങ്ങളും കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തി.

തോട്ടം മേഖലയെ ബാധിച്ചില്ല

ഹർത്താൽ തോട്ടം മേഖലയിൽ കാര്യമായി ബാധിച്ചില്ല. തൊഴിലാളികൾ സാധാരണ പോലെ തോട്ടങ്ങളിൽ ജോലിക്കെത്തി. മൂന്നാർ, ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി, മാർക്കറ്റുകളിൽ ഭാഗികമായി കടകമ്പോളങ്ങൾ പ്രവർത്തിച്ചു. മൂന്നാർ, തേക്കടി, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, തുടങ്ങിയ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുണ്ടായിരുന്നെങ്കിലും തീരെ കുറവായിരുന്നു.

കെ.എസ്.ആർ.ടി.സി പാതി സർവീസ് നടത്തി

ജില്ലയിൽ കെ.എസ്.ആർ.ടി.സി പകുതിയോളം സർവീസ് നടത്തി. ദിവസവും 44 സർവീസുകൾ നടത്തുന്ന തൊടുപുഴ ഡിപ്പോയിൽ നിന്ന് ഇന്നലെ 23 എണ്ണമാണ് ഓപ്പറേറ്റ് ചെയ്തത്. കട്ടപ്പന സബ് ഡിപ്പോയിൽ നിന്നുള്ള 41 സർവിസുകളിൽ 21 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. 24 സർവീസ് നടത്തുന്ന മൂന്നാറിൽ എട്ടും 14 സർവീസ് നടത്തുന്ന മൂലമറ്റം ഡിപ്പോയിൽ നിന്ന് എട്ടും ഓപ്പറേറ്റ് ചെയ്തു. നെടുങ്കണ്ടം ഡിപ്പോയിൽ നിന്ന് ഒമ്പത് ഷെഡ്യൂളുകളിൽ എട്ടെണ്ണം രാവിലെ ആരംഭിച്ചു. എന്നാൽ ദീർഘദൂര സർവീസുകളിൽ പലതും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങിയെത്തി. കുമളി ഡിപ്പോയിൽ നിന്ന് ഏതാനും സർവ്വീസുകൾ നടത്തി. യാത്രക്കാർ പൊതുവെ കുറവായിരുന്നു. യാത്രക്കാരുടെ ആവശ്യാനുസരണമാണ് ഓരോ മേഖലയിലേക്കും സർവീസ് നടത്തിയത്. തൊടുപുഴയിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസിന് പൊലീസ് എസ്കോർട്ട് നൽകിയിരുന്നു. സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ ഓടി.