അടിമാലി: കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ഛായാചിത്ര പ്രയാണം ഇന്ന് ആരംഭിക്കുമെന്ന് മേഖലാ മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മാർ അത്തനാസിയോസ് അറിയിച്ചു.
പരി. ബാവ മലങ്കരയിൽ ആദ്യമായി ബലിയർപ്പിച്ച പള്ളിവാസലിൽ നിന്നും പുറപ്പെടുന്ന ഛായചിത്ര ഘോഷയാത്ര ഇന്ന് രാവിലെ 11ന് ദേവികുളം എം.എൽ.എ: അഡ്വ. എ. രാജ ഫ്‌ളാഗോഫ് ചെയ്യും. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത .ഏലിയാസ് മോർ അത്താനാസിയോസ് ആശീർവ്വദിക്കും. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് പ്രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.ഞായറാഴ്ച 5 ന് കോതമംഗലം ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ കന്നി 20 പെരുന്നാൾ കൊടിയേറ്റും. ഒക്ടോബർ 2, 3 ദിവസങ്ങളിലാണ് പ്രധാന പെരുന്നാൾ. ഒക്ടോബർ 4 ന് പെരുന്നാൾ സമാപിക്കുമെന്നും ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, അരമന മാനേജർ ഐസക് മേനോത്തു മാലിൽ കോർ എപ്പിസ്‌കോപ്പ, സഭാ മാനേജിങ് കമ്മറ്റിയംഗം പോൾ മാത്യു കുറ്റിശ്രക്കുടിയിൽ, ജെക്‌സൺ കുര്യാക്കോസ് എന്നിവർ അറിയിച്ചു.