latheef

തൊടുപുഴ: ഇനി ഒരു അക്രമം കൂടി താങ്ങാൻ താങ്ങാൻ വയ്യാത്തതുകൊണ്ട് ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസോടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ. തൊടുപുഴ ഡിപ്പോയിലെ ഡ്രൈവര്‍ ടി.എസ്. അബ്ദുള്‍ ലത്തീഫാണ് ഹര്‍ത്താലനുകൂലികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ച് വൈറലായത്. മുമ്പ് തിരുവനന്തപുരം ഡിപ്പോയിൽ ജോലി ചെയ്യുമ്പോൾ അബ്ദുൾ ലത്തീഫ് രണ്ട് തവണ ഹർത്താൽ അനുകൂലികളുടെ ആക്രമണത്തിനിരയായിട്ടുണ്ട് . കോഴിക്കോട് വച്ച് അക്രമികൾ സൈഡ് മിറർ തല്ലി തകർത്തപ്പോൾ ചില്ല് തെറിച്ച് കണ്ണിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിൽ നടന്ന ഹർത്താലിൽ തെങ്കാശിയിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് പൊട്ടി ലത്തീഫിന്റെ മുഖത്തിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം കഴിവതും ഹർത്താൽ ദിനത്തിൽ ലത്തീഫ് ഡ്യൂട്ടി ചെയ്യാറില്ലായിരുന്നു. ഇന്നലെ നിർബന്ധമായും ഡ്യൂട്ടിക്ക് കയറണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.തൊടുപുഴ ഇടവെട്ടിയിലെ വീട്ടില്‍ നിന്ന് ഇരുചക്ര വാഹനത്തിലാണ് അബ്ദുള്‍ ലത്തീഫ് പതിവായി ഡിപ്പോയിലെത്തുന്നത്. ഇന്നലെ രാവിലെ അഞ്ചിനുള്ള തൃശൂര്‍ സര്‍വീസിലായിരുന്നു ഡ്യൂട്ടി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സംരക്ഷണമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെയെത്തിയപ്പോള്‍ പൊലീസ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് കല്ലേറുണ്ടായാല്‍ തലയ്ക്ക് പരിക്കേല്‍ക്കാതെയിരിക്കാന്‍ ബൈക്കോടിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റ് അബ്ദുള്‍ ലത്തീഫ് ഉപയോഗിച്ചത്. തൊടുപുഴ മുതല്‍ തൃശൂര്‍ വരെയും തിരിച്ചും ഹെല്‍മറ്റ് ധരിച്ചാണ് വാഹനമോടിച്ചത്. പെരുമ്പാവൂർ മുതല്‍ പൊലീസ് സംരക്ഷണയിലാണ് ബസ് തിരികെ തൊടുപുഴയില്‍ എത്തിയത്. ഇതിനിടെ ഈ ദൃശ്യം ആരോ പകർത്തി. ആ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.