മുട്ടം: കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് മുട്ടത്ത് നിന്ന് മോഷണം പോയ ബൈക്കുമായി മോഷ്ടാവ് അറസ്റ്റിൽ. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അജ്മലാണ് പിടിയിലായത്. മുട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് നിന്നാണ് മുട്ടം വടക്കൻ വീട്ടിൽ റെജിയുടെ (വർഗീസിന്റെ) ഹീറോഹോണ്ട പാഷൻ പ്ലസ് ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്ക് ഉച്ചയ്ക്ക് 1.30ന് മുട്ടം- ഇടപ്പള്ളി റൂട്ടിൽ ഒരാൾ ഓടിച്ച് പോകുന്നത് പ്രദേശവാസി കണ്ടിരുന്നു. അഞ്ജാതനായ യുവാവ് സ്‌കൂളിന് സമീപത്തുള്ള ആയൂർവ്വേദ സ്ഥാപനത്തിന്റെ മുറ്റത്ത് നിന്ന് ബൈക്ക് എടുത്തുകൊണ്ട് പോകുന്നത് സി.സി.ടി വി ക്യാമറയിൽ പതിഞ്ഞെങ്കിലും മോഷ്ടാവിന്റെ മുഖം അവ്യക്തമായിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് സൈബർ സെല്ലിന് കൈമാറി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ ഈരാറ്റുപേട്ടയിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടാവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തയാളായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റി. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെ നിർദ്ദേശപ്രകാരം മുട്ടം എസ്.എച്ച്.ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അസീസ് വി.എ, പി.കെ. ഷാജഹാൻ, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, ജമാൽ, എസ്.സി.പി.ഒമാരായ ബിനു, ജോസ്, ഷാജി, പ്രതാപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.