തൊടുപുഴ: കായിക താരങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി തൊടുപുഴ ആയുർവേദ ജില്ലാ ആശുപത്രിയിൽ സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെൽ കം ട്രെയിനിംഗ് സെന്റർ ആരംഭിക്കുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി 1 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കായിക താരങ്ങൾക്ക് പ്രത്യേക ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രത്യേക വിഭാഗം പ്രവർത്തിച്ചു വരികയായിരുന്നു. കായിക താരങ്ങൾക്ക് താമസ സൗകര്യമുൾപ്പടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമുയർന്നപ്പോൾ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പാർലമെന്റിൽ വിഷയമുന്നയിച്ചു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവോൾ സംസ്ഥാന സർക്കാർ വഴി പ്രൊപ്പോസൽ അയച്ചാൽ ഇക്കാര്യത്തിൽ അനുമതി നൽകാമെന്ന് മറുപടി നൽകിയിരുന്നു. തുടർന്ന് സംസ്ഥാനത്തു നിന്ന് നൽകിയ പ്രൊപ്പോസൽ കേന്ദ്ര ആയുഷ് മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ജില്ലാ ആയുർവേദ ആശുപത്രിക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് ഒരു കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിന് സമർപ്പിക്കുകയായിരുന്നു.
'കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ പദ്ധതി വേഗത്തിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. പുതിയ പദ്ധതി കായിക താരങ്ങൾക്ക് ലഭിക്കുന്ന വലിയ പ്രോത്സാഹനമാണ്. തുടർ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം വഴിയും ഡിപ്പാർട്ട്‌മെന്റ് ശ്രമം തുടരും
-ഡീൻ കുര്യാക്കോസ് എം.പി
റിസർച്ച് സെല്ലിന്റെ ലക്ഷ്യം
ആയുർവേദ ചികിത്സ കൂടാതെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിച്ച് മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായിക ക്ഷമത വർദ്ധിപ്പിക്കുകയാണ് ആയുർവേദ റിസർച്ച് സെല്ലിലൂടെ ലക്ഷ്യമിടുന്നത്. ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും. സ്‌പോർട്‌സ് ചികിത്സയിൽ ആയുർവേദ ഡോക്ടർക്ക് പരിജ്ഞാനം നൽകുന്ന സംവിധാനവുമുണ്ടാകും. പരിക്ക് പറ്റിയും ആരോഗ്യം നശിച്ചും ഫോം മങ്ങിയും കളിക്കളത്തിന് പുറത്താകുന്ന താരങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യമുണ്ട്. തൃശൂരിലാണ് ഇപ്പോൾ മറ്റൊരു റിസർച്ച് സെൽ പ്രവർത്തിക്കുന്നത്. കായിക താരങ്ങൾക്ക് വേണ്ടി സ്‌പോർട്‌സ് ആയുർവേദ റിസർച്ച് യൂണിറ്റ് ഏറെനാളായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തേ രാജ്യാന്തര താരങ്ങൾ വരെ ചികിത്സ തേടി ഇവിയൈത്തിയിരുന്നു. നിലവിൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇതിന്റെ പ്രവർത്തനം. ഇത് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്ന റിസർച്ച് യൂണിറ്റായി മാറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞ ഡിസംബറിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് 43 സെന്റ് സ്ഥലം റിസർച്ച് സെല്ലിന് ലഭിച്ചിരുന്നു.