 
കുമളി: പ്രധാന വിനോദസഞ്ചാരേ കേന്ദ്രങ്ങളിൽ ഒന്നായ ഒട്ടകത്തലമേട് വ്യൂ പോയിന്റിലേയ്ക്കും കുമളി ചക്കുപള്ളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതുമായ ഒന്നാം മൈൽ- ഒട്ടകത്തലമേട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിധിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധസംഗമം 25ന് നടക്കും. കുമളി പഞ്ചായത്തിനെയും ചക്കുപള്ളം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. തേക്കടിയിൽ എത്തുന്ന സഞ്ചാരികൾ തേക്കടിയുടെ വിദൂര കാഴ്ചകൾ കാണാനെത്തുന്ന പ്രധാന വിനോദ സഞ്ചാരേ കേന്ദ്രമാണ് ഒട്ടകത്തലമേട്. നിരവധി സഞ്ചാരികളാണ് ഇതു വഴി പ്രതിദിനം എത്തുന്നത്. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിൽ കൂടി ടാക്‌സികളും സ്വകാര്യ വാഹനങ്ങളും എത്താൻ തയ്യാറാകുന്നില്ല. ഇതു മൂലം ഈ മേഖലകളിലേയ്ക്ക് ഇപ്പോൾ വിനോദസഞ്ചാരികളുമെത്തുന്നില്ല. നാല് കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഒരു കിലോ മീറ്റർ ഭാഗം പൂർണ്ണമായും പൊളിഞ്ഞ അവസ്ഥയിലാണ്. 2018ലെ പ്രളയത്തെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞ ഭാഗം സഞ്ചാരയോഗ്യമാക്കാൻ 30 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും വാഗ്ദാനം മാത്രമായി മാറി. കുടാതെ നിരവധി വിദ്യാർത്ഥികൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. ഇതിനായ് 25ന് ത്രിതല പഞ്ചായത്ത് അംഗങ്ങളെയും വാഴൂർ സോമൻ എം.എൽ.എയെയും ഉൾപ്പെടെ വിളിച്ച് വരുത്തി യോഗം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.