തൊടുപുഴ: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് ക്യാപ്ടനായ സമരപ്രചരണ വാഹനജാഥയ്ക്ക് ഇന്ന് ജില്ലയിൽ വലിയ സ്വീകരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂമി, വീട്, സ്വകാര്യ, എയ്ഡഡ് മേഖലകളിൽ സംരക്ഷണം, മെച്ചപ്പെട്ട വിദ്യാഭ്യാസ സംരക്ഷണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി.കെ.എസ് സംസ്ഥാന കമ്മിറ്റി ഒക്ടോബർ മുന്നിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ജില്ലയിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. പുളിയൻമലയിൽ രാവിലെ 11ന് ജാഥയ്ക്ക് സ്വീകരണം നൽകും. സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു വൈസ് ക്യാപ്ടനും വി.ആർ. ശാലിനി മാനേജരുമായ ജാഥയിൽ മുൻ എം.പി എസ്. അജയകുമാർ, അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ, സി.കെ. ഗിരിജ എന്നിവർ അംഗങ്ങളാകും. ഇന്ന് വൈകിട്ട് നാലോടെ തൊടുപുഴയിലെത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ സമാപനമാകും. നൂറുകണക്കിന് പ്രവർത്തകർ ജാഥയിൽ പങ്കാളികളാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ എം.ജി. സുരേന്ദ്രൻ, മുഹമ്മദ് ഫൈസൽ പി, ടി.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.