ഇടുക്കി: ജില്ലയിൽ കോളേജ്- സ്‌കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് തല മേധാവികൾ ലഹരി ഉപയോഗത്തിന് എതിരെ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് ചർച്ച ചെയ്തു. ജില്ലാ പൊലീസ്, നാർകോട്ടിക് സെൽ, എക്‌സൈസ്, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. എല്ലാ വകുപ്പുകളും സംയുക്തമായി ബോധവത്കരണ പരിപാടികൾ നടത്തിയാൽ കൂടുതൽ വിജയകരമാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പൊലീസ് വകുപ്പ് 'യോദ്ധാവ്' പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവർത്തകരെയും ഭാഗമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഇത് വരെയുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി മാത്യു ജോർജ് യോഗത്തിൽ അവതരിപ്പിച്ചു. തെരുവ് നായ ശല്യം, പട്ടയ പ്രശ്‌നങ്ങൾ, ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ, ഇടമലക്കുടിയിലെ ഇന്റർനെറ്റ് കണക്ടിവിറ്റി, റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ, തുടങ്ങി ജില്ല നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, എ.ഡി.എം ഷൈജു പി. ജേക്കബ്, സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എം. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.