തൊടുപുഴ: ജില്ലയുടെ പല ഭാഗത്ത് നിന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പോക്‌സോ നിയമത്തെക്കുറിച്ച് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കാൻ 'അറിവ്' എന്ന പേരിൽ പദ്ധതിയുമായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടി (ഡി.എൽ.എസ്.എ) രംഗത്ത്. ഇതിന്റെ ഭാഗമായി അദ്ധ്യാപകർക്കുള്ള പരിശീലന പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമമായ പോക്‌സോയുടെ പരിധിയിൽ വരുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ധ്യാപകരും പോക്‌സോ നിയമം നൽകുന്ന അവകാശങ്ങളെയും സംരക്ഷണത്തെയും കുറിച്ച് വിദ്യാർത്ഥികളും ബോധവൻമാരല്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ബോധവത്കരണ പദ്ധതി ആവിഷ്‌കരിച്ചത്. ആദ്യഘട്ടത്തിൽ എ.ഇ.ഒമാരുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ സബ്ഡിവിഷനുകളായി പരിഗണിച്ച് അവിടുത്തെ എല്ലാ സ്‌കൂളുകളിൽ നിന്നും എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർക്ക് പോക്‌സോ നിയമത്തിൽ ബോധവത്കരണം നൽകും. ഇത്തരത്തിൽ മൂന്നാർ എ.ഇ.ഒയുടെ കീഴിലുള്ള ആദ്യ ക്ലാസ് പൂർത്തിയായി. പീരുമേട് എ.ഇ.ഒയുടെ കീഴിലെ അദ്ധ്യാപകർക്കുള്ള പരിശീലന ക്ലാസ് 30നും തുടർന്ന് മറ്റിടങ്ങളിലും നടക്കും. പരിശീലനം നേടിയ അദ്ധ്യാപകരെ വിലയിരുത്തിയ ശേഷം സംശയങ്ങളുണ്ടെങ്കിൽ ദൂരീകരിച്ച് പരിശീലനം പൂർത്തിയാക്കും. തുടർന്ന്, പരിശീലനം നേടിയ അദ്ധ്യാപകർ അതത് സ്‌കൂളിലെ കുട്ടികൾക്ക് പോക്‌സോ നിയമത്തെക്കുറിച്ച് ക്ലാസെടുക്കും. പോക്‌സോ നിയമം ഏറ്റവും ലളിതമായി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന വിധത്തിലാണ് 'അറിവ് ' രൂപകൽപ്പന ചെയ്തിട്ടുള്ളത്. ശക്തമായ ബോധവത്കരണത്തിലൂടെ പോക്‌സോ കേസുകൾ കുറയ്ക്കാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുട്ടികൾ സ്‌കൂളിലെത്താത്ത ആദിവാസി, പിന്നാക്ക മേഖലകളിലും ബോധവത്കരണത്തിന് സംവിധാനമൊരുക്കും. തുടർന്ന് പൊതുജനങ്ങൾക്കായും സമാനരീതിയിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചൈൽഡ് ലൈനും 'അറിവ് ' പദ്ധതിയുമായി സഹകരിക്കുന്നുണ്ട്‌.

''ഇടുക്കിയെ പോക്‌സോ കേസുകൾ ഇല്ലാത്ത ജില്ലയാക്കി മാറ്റുകയാണ് 'അറിവ് ' പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. തൊടുപുഴ താലൂക്കിലെ 15 പഞ്ചായത്തുകളിലും ജാഗ്രതാസമിതികൾ വഴി ഇത്തരം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതിന്റെ ആദ്യഘട്ടമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം കഴിഞ്ഞദിവസം ചേർന്നു."

-പി.എ. സിറാജുദ്ദീൻ (സബ് ജ‌ഡ്ജ്, ഡി.എൽ.എസ്.എ സെക്രട്ടറി)