നെടുങ്കണ്ടം: സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വീകെയർ പദ്ധതിയുടെ ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം നെടുങ്കണ്ടത്ത് നടന്നു. അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഈ വർഷം നടപ്പിലാക്കുന്ന പദ്ധതിയാണ് വീകെയർ. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, ഫൗണ്ടേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽ നിന്നും ഫണ്ട് സമാഹരിക്കുകയും ഈ തുക ഉപയോഗിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയുമാണ് വീകെയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പും നാഷണൽ കേഡറ്റ് കോർപും വീകെയർ പദ്ധതിയിൽ പങ്കാളികളാണ്. പദ്ധതിയുടെ ഭാഗമായി എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് ഫണ്ട് സമാഹരണം ആരംഭിച്ചു. നെടുങ്കണ്ടം എംഇഎസ് കോളേജിലെയും കല്ലാർ ഗവൺമെന്റ് സ്‌കൂളിലെയും എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം എൻ.സി.സി നെടുങ്കണ്ടം 33 കേരള ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെ്ര്രഫനന്റ് കേണൽ തോമസുകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് നിർവ്വഹിച്ചു. സുബേദാർ മനോജ് റാവത്ത്, നായിക് സുബേദാർ നിമിക് ചന്ദ്, ഹവിൽദാർ അനീഷ്, തേർഡ് ഓഫീസർമാരായ കെ.സി കരിയപ്പ, സെലിൻ മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.