മൂലമറ്റം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിൽ വീണ ലോട്ടറി കച്ചവടക്കാരനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30ന് മൂലമറ്റത്തിന് സമീപം ഇലപ്പള്ളിയിലായിരുന്നു സംഭവം. തൊടുപുഴയിൽ നിന്ന് കുമളിക്ക് പോയ ബസിൽ മൂലമറ്റത്തു നിന്ന് കയറിയ എടാട് സ്വദേശി രാജപ്പനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്യപിച്ചിരുന്ന രാജപ്പൻ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ ഉച്ചത്തിൽ ചീത്ത വിളിച്ച് ബഹളം വെച്ചു. ഇത്‌ ചോദ്യം ചെയ്ത കണ്ടക്ടറോടും യാത്രക്കാരോടും ഇയാൾ തട്ടിക്കയറി. തുടർന്ന് ബസ് നിറുത്തി കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇയാളെ ബസിൽ നിന്ന് ബലമായിട്ടെന്ന പോലെ പിടിച്ചിറക്കി വിട്ടു. ഈ സമയം ഇയാൾ ഉടുത്തിരുന്ന മുണ്ട് ബസിൽ ഉടക്കി ഇയാൾ റോഡിൽ വീഴുകയായിരുന്നെന്ന് കാഞ്ഞാർ പൊലീസ് പറയുന്നു. എന്നാൽ തന്നെ ബസ്സിൽ നിന്നും തള്ളി താഴെ ഇട്ടതാണെന്ന് ഇയാൾ ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു. സാരമായ പരിക്ക് പറ്റിയ രാജപ്പനെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലേക്കും മാറ്റി. പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് കാഞ്ഞാർ പൊലീസ് പറഞ്ഞു.