കുമളി: കിണറിൽ നിന്നും വെള്ളം പമ്പു ചെയ്യാൻ ഉപയോഗിച്ചിരുന്ന മോട്ടോർ മോഷണം പോയി. ജയ് ഹിന്ദ് ന്യൂസ് കാമറാമാൻ കുമളി താമരക്കണ്ടം ആഞ്ഞിലിപ്പറമ്പിൽ അനീഷ് നാരായണന്റെ പുരയിടത്തിലെ കിണറിൽ സ്ഥാപിച്ചിരുന്ന ഒരു എച്ച്പിയുടെ മോട്ടറാണ് ഇന്നലെ രാത്രിയിൽ മോഷണം പോയത്.
ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തിട്ടും ടാങ്ക് നിറയാതി രുന്നതിനെ തുടർന്ന് കിണറിനടുത്ത് എത്തി പരിശോധിച്ചപ്പോഴാണ് മോട്ടോർ മോഷണം പോയതായി വീട്ടുടമ അറിഞ്ഞത്.
ശനിയാഴ്ച രാത്രി പത്ത് മണി വരെ മോട്ടോർ ഉണ്ടായിരുന്നതായി അനീഷ് പറഞ്ഞു. മോട്ടോറിൽ ഘടിപ്പിച്ചിരുന്ന ഹോസുകളും വൈദ്യുതി കണക്ഷനുകളും മുറിച്ചു മാറ്റിയ ശേഷമാണ് മോഷണം നടത്തിയത്.
മോട്ടോർ മോഷണം പോയത് സംബന്ധിച്ച് കുമളി പൊലീസിൽ പരാതി നൽകി.