sheeja
ഇടവെട്ടി പ്രണവം ലൈബ്രറിയിൻ നടന്ന തിരിച്ചറിയൽ കാർഡ്,ആധാർ കാർഡ് ലിങ്കിങ് ക്യാമ്പ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ :താലൂക്ക് ഇലക്ഷൻ വിഭാഗം, ഇടവെട്ടി പ്രണവം ലൈബ്രറിയിൽ പൊതു ജനങ്ങൾക്കായി തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് ലിങ്കിങ് ക്യാമ്പ് നടത്തി. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാർഡ് ലിങ്കിങ്ങിന്റെ പ്രാധാന്യത്തെ പറ്റി തൊടുപുഴ തഹസിൽദാർ എം .അനിൽകുമാർ സംസാരിച്ചു. തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് ലിങ്കുങ്ങുമായി ബന്ധപ്പെട്ട ഇലക്ഷൻ കമ്മീഷൻ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും, ഇനിയും ആധാർ ലിങ്ക് ചെയ്യാത്തവർ ഉണ്ടെങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടു കൂടിയോ, പ്ലേസ്റ്റോറിൽ നിന്നും വോട്ടർ ഹെല്പ് ലൈൻ എന്ന ആപ്പ്‌ഡൌൺലോഡ് ചെയ്ത് കൊണ്ടോ , ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്‌ക്കുകൾ മുഖാന്തിരമോ തിരിച്ചറിയൽ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം. ആധാർ ലിങ്കിങ്ങുമായി ബന്ധപ്പെട്ട ഗൃഹ സന്ദർശനം നടത്തുന്ന ബി എൽ ഓ മാർക്ക് തങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറും ആധാർ നമ്പറും നൽകി എല്ലാവിധ പിന്തുണയും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും തഹസീൽദാർ അഭ്യർത്ഥിച്ചു. ചടങ്ങിൽ തൊടുപുഴ ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ഭരതൻ കെ എസ്, കാരിക്കോട് വില്ലേജ് ഓഫീസർ ശ്രീകാന്ത്എം ആർ , ഗ്രാമപഞ്ചായത്ത് അംഗം സുജാത ശിവൻ, പ്രണവം ലൈബ്രറി പ്രസിഡന്റ് ടി സി ചാക്കോ, ശ്രീ പി എൻ സുധീർ എന്നിവർ സംസാരിച്ചു. വിവിധ ബൂത്തുകളിലെ ബി.എൽ.ഓ മാർ,താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ നിന്നും ശ്രീ. ഹരി ടി എസ്, ശ്രീമതി. ഫാത്തിമ ടി എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ വിവിധ ബൂത്തുകളിൽ പെട്ട മുന്നൂറോളം പേരുടെ തിരിച്ചറിയൽ കാർഡ് ആധാർ നമ്പർ ലിങ്കിംഗ് പൂർത്തീകരിച്ചു.