 
ചക്കുപള്ളം: അജൈവ പാഴ്‌വസ്തു ശേഖരണ രംഗത്ത് സ്മാർട്ടായി ചക്കുപള്ളം ഗ്രാമപഞ്ചായത്ത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ചക്കുപള്ളം പഞ്ചായത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ എത്രയെന്നും അവ എങ്ങനെ സംസ്‌കരിക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങൾ ഇനി മൊബൈൽ ഫോണിലൂടെ അറിയാൻ കഴിയും. സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ക്യൂആർ കോഡിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനമാണ് തയ്യാറായത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ക്യൂ ആർ കോഡ് പതിക്കുന്ന പ്രക്രിയ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.ഓരോ വീട്ടിൽ നിന്നും ശേഖരിച്ച ജൈവഅജൈവ പാഴ്‌വസ്തുക്കൾ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. വീടുകളിൽ എത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾ അതത് വീടുകളിൽ സ്ഥാപിച്ച ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കും. ഹരിത കർമ്മ സേന അംഗങ്ങൾ എത്താത്ത വീടുകളും മാലിന്യം ശേഖരിക്കാത്ത വീടുകളും എല്ലാം ഇതിലൂടെ കണ്ടെത്താനാകും. ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാനും ഗുണഭോക്താക്കൾക്ക് കഴിയും. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച പാഴ് വസ്തുക്കളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പിലൂടെ കൃത്യമായി രേഖപ്പെടുത്തുന്നത് വഴി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട സംസ്ഥാനതല ജില്ലാതല സർക്കാർ സംവിധാനങ്ങൾക്കും പാഴ് വസ്തു ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങളുടെ പരോഗതി അറിയാൻ കഴിയും.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ബിന്ദു അനിൽകുമാർ, ആഷ സുകുമാർ, പഞ്ചായത്ത് അംഗങ്ങളായ വി. ജെ. രാജപ്പൻ, ജോസ് പുതുമന, സൂസൻ മാത്യു, ആന്റണി കുഴിക്കാട്ട്, സരേന്ദ്രൻ മാധവൻ, അന്നക്കുട്ടി വർഗീസ്, മറിയാമ്മ ചെറിയാൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ബീന ബിസി, വി.ഇ.ഒ മാരായ റീനാമോൾ ചാക്കോ, രേണുക പി. പി.,ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.