kumly

കുമളി:കുമളിയിൽ കാർഷിക വിപണന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. പി. രാജേന്ദ്രനും പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോനും ചേർന്ന് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
ജില്ല പഞ്ചായത്തംഗം എസ്. പി. രാജേന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. കർഷകരുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിനും കാർഷിക ഉപകരണങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനും വിപണന കേന്ദ്രം പ്രയോജനപ്പെടും. ഈ സാമ്പത്തിക വർഷം തന്നെ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി വ്യക്തമാക്കി.
പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗം എസ്. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ നോളി ജോസഫ് , കെ. എം. സിദ്ദിഖ്, രജനി ബിജു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.