തൊടുപുഴ: മുതലക്കോടം കവലയിലെ അതിരൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നില്ല. തൊടുപുഴ നഗരത്തിലേക്കും വണ്ണപ്പുറം,കരിമണ്ണൂർ,ഉടുമ്പന്നൂർ മേഖലകളിലേക്കുമുള്ള പ്രധാന റോഡ് മുതലക്കോടം കവലയിലൂടെയാണ്.ഇരു മേഖലകളിലേക്കുമുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങളാണ് ഇത്‌ വഴി നിത്യവും കടന്ന് പോകുന്നതും.രാവിലെ 8 മണിയോടെ ആരംഭിക്കുന്ന തിരക്കിന് ഒട്ടൊന്ന് ശമനമാകുന്നത് രാത്രി 9 മണിയോടെയാണ്.ഏതാനും വർഷങ്ങൾക്ക് മുൻപ് ഞറുക്കുറ്റി കവലയിൽ നിന്ന്‌ 10 മിനിറ്റ് കൊണ്ട് തൊടുപുഴ നഗരത്തിൽ എത്തിയിരുന്ന വാഹനങ്ങൾ ഇപ്പോൾ മങ്ങാട്ട് കവല വരെ എത്തുന്നത് അര മണിക്കൂറിൽ കൂടുതൽ സമയം എടുത്താണ്.തൊടുപുഴയുടെ സമീപ പ്രദേശങ്ങളായ മാങ്ങാട്ടു കവല, മുതലക്കോടം,പട്ടയം കവല, മാങ്ങാട്ടുകവല നാലുവരിപ്പാത എന്നിങ്ങനെ മേഖലകൾ ജനസാന്ദ്രമായതും ഇവിടം കേന്ദ്രീകരിച്ച് കൂടുതൽ വ്യാപാര സാമുച്ചയങ്ങൾ രൂപപ്പെട്ടതും തിരക്ക് വർദ്ധിപ്പിച്ചു.ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള വാഹനങ്ങൾ തൊടുപുഴയിലെത്താൻ വണ്ണപ്പുറം വഴി തിരഞ്ഞെടുക്കുന്നതും മുതലക്കോടം ഭാഗത്തുള്ള തിരക്കിന്റെ മറ്റൊരു കാരണമാണ്

പരിഹാരം അരികിലുണ്ട്

പട്ടയം കവലയിൽ നിന്ന് ആരംഭിച്ച് മടത്തിക്കണ്ടം വഴി നാലുവരിപ്പാതയിൽ എത്തുന്ന ബൈപാസ്സ് റോഡ് അടിയന്തിരമായി നിർമ്മിക്കണം.ഇത്‌ സംബന്ധിച്ച് റോഡ് മാസ്റ്റർ പ്ലാനിൽ വിഭാവാനം ചെയ്തിട്ടുമുണ്ട്.എന്നാൽ നടപടികൾ ഇതിനുള്ള നടപടികൾ അനന്തമായി ഇഴയുകയാണ്.പട്ടയംകവല- മഠത്തിക്കണ്ടം- മാങ്ങാട്ടുകവല നാലുവരിപ്പാതയ്ക്ക് അടുത്ത നാളിലാണ് നഗരസഭ പരിഗണന നൽകിയത്.നാലുവരി പാതയിൽ നിന്ന് ആരംഭിച്ച് ഏഴല്ലൂർ -മഠത്തിക്കണ്ടം- മുതലക്കോടം - ഇല്ലിച്ചുവട്- മുതലക്കോടം -പട്ടയം കവലയിൽ അവസാനിക്കുന്ന രീതിയിലാണ് നിർദ്ദിഷ്ട മുതലക്കോടം ബൈപാസ്സ് വിഭാവനം ചെയ്തത്.ബൈപാസ് കടന്നു പോകുന്ന സ്ഥലങ്ങൾ നിർണ്ണയിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.