അടിമാലി: റവന്യൂ വകുപ്പിൽ ചിലർ അഴിമതിക്കാരായുണ്ടെന്നും അവരെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ.കെ.ശിവരാമൻ പറഞ്ഞു. ആനച്ചാലിൽ നടത്തിയ നയവിശദീകരണ യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.സർവെ നമ്പറുകൾ തിരുത്തുന്നതടക്കം ലക്ഷങ്ങളുടെ അഴിമതികൾ റവന്യൂ വകുപ്പിലെ ചില ജീവനക്കാർ ചെയ്തു വരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇവരെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും സി.പി.ഐ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.നിരവധിയായ ഭൂപ്രശ്‌നങ്ങളിൽ ആശങ്കയിൽ നിൽക്കുന്ന കർഷകർക്ക് വില്ലേജാഫീസിൽ നിന്ന് നോട്ടീസ് കൊടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 1964 ലെ പട്ടയ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്ന് കാട്ടി പട്ടയ ഉടമകൾക്ക് നോട്ടീസ് നൽകുകയാണ്. തീർത്തും അടിസ്ഥാന രഹിതമാണിത്. സർക്കാർ തലത്തിൽ ഇത്തരത്തിലൊരു തീരുമാനമില്ല. പട്ടയം സംബന്ധിച്ച് പാർട്ടിയ്ക്ക് തത്വാധിഷ്ഠിതമായ നിലപാടുണ്ട് 1969ൽ കെ.ടി.ജേക്കബ് റവന്യൂ മന്ത്രിയായപ്പോൾ മുതൽ പട്ടയം യാഥാർത്ഥ്യമാക്കി.2006 ൽ കെ.പി.രാജേന്ദ്രൻ റവന്യു മന്ത്രിയായിരുന്നപ്പോൾ 51,000 പേർക്കാണ് പട്ടയം നൽകിയത്.അനാവശ്യമായി ജില്ലാ ഹർത്താൽ നടത്താൻ ശ്രമിച്ചവർ കർഷക വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി കെ.സലിം കുമാർ, സംസ്ഥാന കൗൺസിലംഗം സി.എ.ഏലിയാസ്, മണ്ഡലം സെക്രട്ടറി കെ.എം ഷാജി,വിനു സ്‌കറിയ, ജയാ മധു എന്നിവർ സംസാരിച്ചു.