
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസത്തിന് ആവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. . ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സർക്കാർ ഭാഗത്ത് നിന്ന് പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകും.. ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയതിന് ആദരവർപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിൽ സർക്കാർ കൂടുതൽ പണം അനുവദിച്ചിട്ടിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ചൂണ്ടിക്കാണിച്ച പേരായ്മകൾ കുറേയേറെ പരിഹരിച്ചു. ചിലതൊക്കെ പൂർത്തീകരണ ഘട്ടത്തിലാണ്. മെഡിക്കൽ കോളേജ് പൂർണതോതിൽ കൂടുതൽ ആരോഗ്യ വിഭാഗങ്ങളോടെ പ്രവർത്തന സജ്ജമാക്കാൻ ഇനിയും സർക്കാരിന്റെ സഹായമുണ്ടാകും. മഡിക്കൽ കോളേജിന്റെ വികസനത്തിന് തുടക്കത്തിൽ കെ.എസ്.ഇ.ബി 10 കോടി നൽകിയത് വലിയ ആശ്വാസമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻകൈയെടുത്ത മുൻമന്ത്രിയും നിലവിലെ ഉടുമ്പഞ്ചോല എം.എൽ.എ.യുമായ എം.എം. മണിയെ ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇടുക്കി ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ കക്ഷി നേതാക്കൾ മുഖ്യമന്ത്രിയെ ഏലയ്ക്ക മാലയും തേയില മാലയും അണിയിച്ചു. പരിപാടിയിൽ എം. എം. മണി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. ശിവരാമൻ, കെ. കെ. ജയചന്ദ്രൻ, ജോസ് പാലത്തിനാൽ, സലിം കുമാർ, ജോയ്‌സ് ജോർജ്, ജനപ്രതിനിധികൾ,, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.