വാഗമണ്ണിൽ കുട്ടികൾക്കായി പട്ടംപറത്തൽ നടത്തും
ഇടുക്കി: ലോക വിനോദസഞ്ചാര ദിനമായ ഇന്ന് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കും. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടം വെള്ളപ്പാറയിൽ ഇന്ന് രാവിലെ 10.30 ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ടൂറിസംദിന സന്ദേശം നൽകും. തുടർന്ന് കുടുംബശ്രീയുടെയും, ഗവ.എഞ്ചിനിയറിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സഹകരണത്തോടെ കൊലുമ്പൻ സമാധി മുതൽ ഹിൽവ്യൂ പാർക്ക് വരെ പാതയോരം വൃത്തിയാക്കും.
ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാ വോളിബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ 3 ന് മുട്ടം ടൗൺ മുതൽ മലങ്കര ടൂറിസം ഹബ്ബ് വരെ സ്‌പോർട്‌സ് ടൂറിസം പ്രമോഷൻ റാലി സംഘടിപ്പിക്കും. ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ടൂറിസംദിന സന്ദേശം നൽകും.
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പള്ളിവാസൽ, മൂന്നാർ ഗ്രാമപഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബ്ബിന്റെയും ഹോട്ടൽ ആന്റ് റിസോർട്ട് അസോസിയേഷൻ, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ്, വ്യാപാരികൾ, എൻ.ജി.ഒ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പോതമേട് വ്യൂ പോയിന്റ് ശുചീകരിക്കും.
രാജാക്കാട് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബ്ബിന്റെയും കുഞ്ചിത്തണ്ണി ഗവ. എച്ച്.എസ്.എസ് ന്റെയും സാൻജൊ കോളേജ് രാജാക്കാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണപുരം ടൂറിസം കേന്ദ്രവും പാതയോരവും ശുചീകരിക്കും.
രാമക്കൽമേട്ടിൽ നെടുംങ്കണ്ടം, കരുണാപുരം ഗ്രാമപഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും ബി.എഡ് കോളേജിന്റെയും ടൂറിസം ക്ലബ്ബിന്റെയും സേക്രഡ് ഹേർട്ട് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ടൂറിസം സെന്ററും പരിസരവും ശുചീകരിക്കും.
പാഞ്ചാലിമേട്ടിൽ പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ടൂറിസം സെന്ററും പരിസരവും ശുചീകരിക്കും.
ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അരുവിക്കുഴി ടൂറിസം സെന്ററും പരിസരവും ശുചീകരിക്കും. കുമളിയിൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബ്ബിന്റെയും മരിയൻ കോളേജ് കുട്ടിക്കാനത്തിന്റെയും സംയുതാഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ടൂറിസം ബോധവത്ക്കരണം, ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും. വാഗമണ്ണിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ടൂറിസം സെന്ററും പരിസരവും ശുചീകരിക്കുകയും കുട്ടികൾക്കായി പട്ടം പറത്തലും നടത്തും.