kattana
കാട്ടാന യെക്കണ്ട് യുവാവ് മരത്തിന് മുകളിൽ കയറിയപ്പോൾ

രാജാക്കാട്: കർഷകനായ യുവാവ് കാട്ടാനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാനായി മണിക്കൂറോളം മരത്തിന്റെ മുകളിൽ ഇരുന്നു. ചിന്നക്കനാൽ സിങ്കു കണ്ടത്തിനടുത്ത് സജി ( 40) യാണ് രക്ഷിക്കാൻ മറ്റ് വഴിയൊന്നുമില്ലാതെ മരത്തിൽ അഭയം പ്രാപിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ തന്റെ കൃഷി സ്ഥലത്തേക്ക് പോകുമ്പോഴാണ് സജി കാട്ടാനക്കൂട്ടത്തിന് മുമ്പിൽ അകപ്പെട്ടത്. ഒരു കൊമ്പനും പിടിയും രണ്ടു കുട്ടികളുമടങ്ങുന്നതായിരുന്നു കാട്ടാനക്കൂട്ടം. സജിയെക്കണ്ട് ആക്രമിക്കുന്നതിനു് കൊമ്പൻ ഓടി അടുത്തപ്പോൾ രക്ഷപ്പെടാൻ മറ്റ് വഴി ഇല്ലാതെയാണ് അടുത്തു കണ്ട ഒരു യൂക്കാലി മരത്തിൽ കയറിപ്പറ്റിയത്. കാട്ടാനക്കൂട്ടം മടങ്ങാതെ മേഞ്ഞു നടക്കാൻ തുടങ്ങിയതോടെ രണ്ടു മണിക്കൂറോളം ഇയാൾ മരത്തിൽ ഇരിക്കേണ്ടി വന്നു. ഒച്ച വെച്ചതിനെ തുടർന്ന് അടുത്ത മലയിലുണ്ടായിരുന്ന വർ വനം വകുപ്പ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയവനം വകുപ്പുകാരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയശേഷം സജിയെ രക്ഷിക്കുകയാണുണ്ടായത്.