ചെറുതോണി: കമ്യൂണിസത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി എൻജിനീയറിംഗ് കോളേജിൽ കുത്തേറ്റു മരിച്ച ധീരജ് കുടുംബസഹായ നിധി വിതരണം നടത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻപ് കോൺഗ്രസ് നടപ്പാക്കിയ സ്വകാര്യവൽക്കരണമുൾപ്പെടെയുള്ള പദ്ധതികൾ ബി.ജെ.പിയും തുടരുകയാണെന്ന് അദ്ദേഹമാരോപിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനടജാഥ കേരളത്തിൽ 19 ദിവസമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ രണ്ടു ദിവസം വീതമാണ് നടത്തുന്നത്. ജാഥ നടത്തുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ഇതിൽ നിന്നും മനസിലാക്കാം. ബി.ജെ.പി യെ സഹായിക്കാനാണ് കോൺഗ്രസ് ജാഥനടത്തുന്നത്. സ്ഥിരം കുറ്റവാളികളും ധീരജ് വധക്കേസിലെ പ്രതിയുമായ നിഖിൽ പൈലിയൊക്കെയാണ് ജാഥയിൽ സ്ഥിരാംഗങ്ങളായി പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ കർഷകർക്കും തൊഴിലാളികൾക്കും പ്രയോജനകരമായിരുന്നു. കേരളത്തിൽ ജനകീയ അടിത്തറ ഇടതുപക്ഷത്തിനുമാത്രമേയുള്ളൂ. കേരളത്തിൽ നിരവധി മാർക്‌സിസ്റ്റു പ്രവർത്തകരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ കൃഷ്ണപിള്ളയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ധീരജുൾപ്പെടെ 15 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. ബി.ജെ.പി വിരുദ്ധ കാബൈൻ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുമ്പോൾ കോൺഗ്രസ് ഇതിൽ സഹകരിക്കാതെ ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിൽ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. അവിടെയും അവസാനിക്കുന്ന തരത്തിലാണ് നേതാക്കൾ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട കോൺഗ്രസ് പ്രവർത്തകരെല്ലാം ബി.ജെ.പിയിൽ ചേർന്നതായും മുഖ്യമന്ത്രി പറഞ്ഞു.