സമാപന സമ്മേളനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും
കുമളി: പെരിയാർ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജന പങ്കാളിത്തോടെ സംഘടിപ്പിക്കുന്ന വനംവന്യജീവി വാരാഘോഷം വിജയകരമായി നടത്തുന്നത് സംബന്ധിച്ച് ആലോചനായോഗം ചേർന്നു.
ഒക്ടോബർ രണ്ട് മുതൽ എട്ടു വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. ആനവച്ചാൽ ബാംബു ഗ്രോവിൽ നടന്ന യോഗത്തിൽ ആഘോഷപരിപാടി നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ഒക്ടോബർ 2 മുതൽ 5 വരെ വിവിധ മത്സരങ്ങൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. ജനറൽ കമ്മറ്റി ചെയർമാനായി കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോനെയും കൺവീനറായി ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവോയെയും തെരഞ്ഞെടുത്തു. പ്രോഗ്രാം കമ്മറ്റി ചെയർമാനായി മുഹമ്മദ് ഷാജി, പബ്ലിസിറ്റി കമ്മറ്റി പി. രാജൻ, ഫിനാൻസ് കമ്മറ്റി ഹൈദ്രോസ് മീരാൻ, റാലി കമ്മറ്റി ചെയർമാൻ വി. ഐ. സിംസൺ എന്നിവരെയും തെരഞ്ഞെടുത്തു.
സമാപനദിനമായ ഒക്ടോബർ 8 ന് ബഹുജനറാലി സംഘടിപ്പിക്കും. സ്‌കൂൾ കോളേജ് തലത്തിൽ സംഘടിപ്പിച്ച ക്വിസ്, പ്രസംഗ മത്സരങ്ങളുടെ സംസ്ഥാനതല മത്സരങ്ങൾ പെരിയാർ ടൈഗർ റിസർവിൽ നടക്കും. സംസ്ഥാനതല സമാപന സമ്മേളനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും.
ആലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, വൈസ് പ്രസിഡന്റ് വി.കെ. ബാബുകുട്ടി, ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവോ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ പി. ജെ. സുഹൈബ്, റേഞ്ച് ഓഫിസർമാരായ ജ്യോതിഷ് കുഴാക്കൽ, ജി. അജികുമാർ, അഖിൽ ബാബു, ജലീൽ പി. എ., കണ്ണൻ എസ്., സേവ്യർ ടി. എസ്., അജയഘോഷ് എം. കെ, അനൂപ് വിജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു.