തൊടുപുഴ: കൊവിഡ് കാലത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളും മറ്റ് ഇതര വിഭാഗം ആളുകളും നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊലീസ് എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് പെട്രോൾ- ഡീസൽ- പാചകവാതകം, ആവശ്യമരുന്നുകൾ എന്നിവയുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട ചില ആവശ്യങ്ങൾ ഉന്നയിച്ചും നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറെ നാളുകളായി നിരവധി സമൻസുകളാണ് ലഭിക്കുന്നത്. ഇതിന് കോടതികളിൽ ചെല്ലുമ്പോൾ വലിയ തുക ഫൈൻ അടയ്ക്കേണ്ട സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിതമായ പൊലീസ് നിയമത്തിന് എതിരാണ്. അതുകൊണ്ട് കൊവിഡ് കാലത്ത് എടുത്ത മുഴുവന്‍ കേസുകളും അടിയന്തരമായി പിൻവലിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. മുത്തുപ്പാണ്ടി, ജില്ലാ ട്രഷറർ പി.പി. ജോയി, എം.വൈ. ഔസേപ്പ്, പി. പളനിവേൽ, ജി.എം. ഗുരുനാഥൻ, ജോസ് ഫിലിപ്പ്, സി.കെ. കൃഷ്ണൻകുട്ടി, എം.കെ. പ്രിയൻ, ആർ. വിനോദ്, സി.എം. മോഹനൻ, വാവച്ചൻ, പി.ജി. വിജയൻ എന്നിവർ സംസാരിച്ചു.