തൊടുപുഴ: ഓണം കഴിഞ്ഞതിന് പിന്നാലെ കുതിച്ചുയർന്ന് പച്ചക്കറി വില. നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളുടെ വിലയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയായി വർദ്ധിച്ചത്. പല പച്ചക്കറിക്കും ഓണക്കാലത്തേക്കാൾ വില ഉയർന്നു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൃഷി നശിച്ചതിനെ തുടർന്ന് പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി 20- 80 രൂപ വരെയാണ് ഒരു കിലോയിൽ കൂടിയത്. ഓണം സീസണിൽ ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോഗ്രാമിന് 20 രൂപയിലേറെ ഉയർന്നിരുന്നു. എന്നാൽ ഇതിന്റെ ഇരട്ടി വില ഇപ്പോൾ നൽകേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റ് താളം തെറ്റിക്കുകയാണ്. ജില്ലയിൽ പ്രധാനമായും കർണാടകയിലെ മൈസൂരു,​ തമിഴ്‌നാട്ടിലെ കമ്പം,​ തേനി, ഒട്ടൻഛത്രം,​ ഉസ്ലാംപെട്ടി, പൊള്ളാച്ചി, ഊട്ടി, മേട്ടുപാളയം,എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറി എത്തുന്നത്. ജില്ലയിലെ പല പ്രദേശങ്ങളിലും ദൂരമനുസരിച്ച് പച്ചക്കറികൾക്ക് 5 മുതൽ 10 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്. ഇനി പൂജാ അവധി കഴിയാതെ വില കുറയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

സെഞ്ച്വറി കടന്ന് കാരറ്റ്

ഓണക്കാലത്ത് 70 ആയിരുന്ന കാരറ്റിന് 120 രൂപയാണ് ഇന്നലത്തെ വില. രണ്ടാഴ്ച മുമ്പ് 50 രൂപയായിരുന്ന ബീൻസ് വില എഴുപത് കടന്നു. 30 രൂപയുണ്ടായിരുന്ന തക്കാളിയും 35 രൂപയുണ്ടായിരുന്ന ബീറ്റ്‌റൂട്ടും 50 കടന്നു. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് വില 75 രൂപയായി.

പച്ചക്കറി വില (കിലോയ്ക്ക്)

വള്ളിപയർ...........80
ബീൻസ്................70

തക്കാളി...............60
വെണ്ടയ്ക്ക...............50
പാവയ്ക്ക..................70

കോവയ്ക്ക................60
കാരറ്റ്...................120
ബീറ്റ്‌റൂട്ട്.................70

കോളി ഫ്ളവർ.........70
കാബേജ്................50

ഉരുളക്കിഴങ്ങ്.........50
ചുവന്നുള്ളി ..........70

വെളുത്തുള്ളി.......50
സവാള...................25
മുരിങ്ങക്ക..............90
കൂർക്ക...................80

വെള്ളരിക്ക............43
ചെറു നാരങ്ങ......140
ഇഞ്ചി......................80
മല്ലിയില..................180
കറിവേപ്പില.............40
പച്ച ഏത്തക്ക........65
ഏത്തപഴം...............65

വില കുറഞ്ഞ് മീനും ഇറച്ചിയും

കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുമ്പോൾ മീനിനും ഇറച്ചിക്കും വില താഴ്ന്നത് ആശ്വാസമായി. നേരത്തെ കിലോയ്ക്ക് വില 300 വരെയെത്തിയ മത്തി വില കുറഞ്ഞ് 80 രൂപയിലെത്തി. അയല- 120, കിളിമീൻ –140, കൊഴുവ- 120 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ചിക്കന് വില 110 രൂപയായി കുറഞ്ഞു. മട്ടനും പോർക്കിനും ബീഫിനും കാര്യമായ വില കുറവില്ല.