pothamedu

ഇടുക്കി: വിനോദസഞ്ചാരത്തെക്കുറിച്ച് പുനർവിചിന്തനം നടത്താം' എന്ന സന്ദേശവുമായി ജില്ലയിലെങ്ങും ലോക ടൂറിസം ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യവിമുക്തമാക്കി മനോഹരമാക്കിയും ശുചിത്വ ടൂറിസത്തെക്കുറിച്ച് ബോധവത്കരണം നടത്തിയുമാണ് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും സന്നദ്ധ സംഘടനകളും ചേർന്ന് ടൂറിസം ഡേ ആഘോഷമാക്കിയത്.
ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ ജില്ലാതല ഉദ്ഘാടം ഇടുക്കി വെള്ളപ്പാറയിൽ ശുചീകരണം നടത്തി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർവഹിച്ചു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ് സ്വാഗതം പറഞ്ഞു. വെള്ളപ്പാറയിലെ കൊലുമ്പൻ സമാധി വൃത്തിയാക്കി ചെടികൾ നട്ടു. കോളേജ് വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് കൊലുമ്പൻ സമാധി മുതൽ ഹിൽവ്യൂ പാർക്ക വരെയും, പൈനാവ് റോഡ്, പാറേമാവ് റോഡ് എന്നിവയുടെ പാതയോരവും വൃത്തിയാക്കുകയും ഹിൽവ്യൂ പാർക്ക് പ്രവേശന കവാടം വരെ ചെടികൾ നട്ടു മനോഹരമാക്കി.

പോതമേട് വ്യൂപോയിന്റും വ്യൂപോയിന്റ് മുതൽ മൂന്നാർ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷൻ പരിസരം വരെയുള്ള പാതയോരവും ശുചീകരിച്ചു. ഡി.റ്റി.പി.സി.യുടെ നേതൃത്വത്തിൽ മൂന്നാർ, പള്ളിവാസൽ ഗ്രാമ പഞ്ചായത്തുകൾ, വിവിധ കോളേജുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമുള്ള ടൂറിസം ക്ലബ്ബുകൾ, അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റേഴ്‌സ്, വ്യാപാരികൾ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണ ശർമ്മ നിർവ്വഹിച്ചു. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രജീഷ് കുമാർ അദ്ധ്യഷനായി.

വാഗമണിൽ ടൂറിസം സെന്ററും പരിസരവും ശുചീകരിച്ചു

ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാഗമണിൽ ടൂറിസം സെന്ററും പരിസരവും ശുചീകരിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത്, ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം ക്ലബ് വാഗമൺ, പാലൊഴുകുംപാറ വികസന സമിതി, വാഗമൺ ഡസ്റ്റിനേഷൻ മേക്കേഴ്‌സ്, ഹരിത കർമ്മസേന, ഡി. ടി. പി. സി. പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ പങ്കാളികളായി. ഏലപ്പാറ പഞ്ചായത്തംഗം സിനി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. മൊട്ടക്കുന്നിൽ ആരംഭിച്ച ശുചീകരണ പരിപാടി പാലൊഴുകും പാറയിൽ സമാപിച്ചു. ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി മൊട്ടക്കുന്നിൽ പട്ടംപറത്തലും സംഘടിപ്പിച്ചു.

ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം കേന്ദ്രം ശുചിയാക്കലും ടൂറിസം ബോധവത്ക്കരണ റാലിയും സംഘടിപ്പിച്ചു. രാജാക്കാട് ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, ടൂറിസം ക്ലബ്, കുഞ്ചിത്തണ്ണി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ, സാൻജോ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ ശുചീകരണ പരിപാടി രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ.് സതി ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തേക്കിൻകാനം അരുവി റിസോർട്ട് അങ്കണത്തിൽ നിന്നും രാജാക്കാട് ശ്രീനാരായണപുരം ടൂറിസം കേന്ദ്രത്തിലേക്ക് നടത്തിയ ടൂറിസം ബോധവത്ക്കരണ റാലി രാജാക്കാട് സബ്ബ് ഇൻസ്‌പെക്ടർ അനൂപ് സി. നായർ ഫ്‌ളാഗ് ഓഫ് ചെയ്തു.