
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിന്റെ ആദ്യഘട്ട നവീകരണം പുരോഗമിക്കുന്നു. ഒന്നാം ഘട്ടമായി ശ്രീകോവിലും മണ്ഡപവുമാണ് പുനരുദ്ധരിക്കുന്നത്. രണ്ടാം ഘട്ടമായി ചുറ്റമ്പലവും തിടപ്പള്ളിയും നവീകരിക്കാനാണ് ക്ഷേത്രഭരണസമിതിയുടെ തീരുമാനം.
ഏകദേശം 450 വർഷത്തിനുമുകളിൽ പഴക്കം കണക്കാക്കുന്ന ഈ ശിവക്ഷേത്രത്തിലെ കല്ലുകൾ കൊണ്ടുള്ള നിർമ്മിതികൾക്ക് ഇരുത്തം വരികയും ക്ഷയം സംഭവിക്കുകയും ചെയ്തതിനെ തുടർന്നാണ് പുനഃനിർമാണം. ശിവലിംഗത്തിനോ വിഗ്രഹത്തിനോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. സമചതുരാകൃതിയിലാണ് ശ്രീകോവിലിന്റെ തറയുടെ നിർമാണം. മണ്ഡപവും ഇതേ കണക്കുപ്രകാരമാണ് ചെയ്യുന്നത്. മണ്ഡപത്തിന്റെ മേൽക്കൂരയുടെ നിർമാണം തടിയിലാണ്. നിർമാണത്തിന്റെ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത് വേഴാപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ്. മാന്നാർ അനന്തൻ ആചാരി, സദാശിവൻ ആചാരി എന്നിവരാണ് ശിൽപികൾ. ശിവരാത്രിക്ക് മുമ്പായി പണി പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന കൃഷ്ണശിലയുൾപ്പടെ നിർമ്മാണത്തിന്റെ ഭാഗമായി കൊണ്ടുവന്നിട്ടുണ്ട്. ഇത് കൊത്തിയെടുത്താണ് നിർമാണം നടന്നു വരുന്നത്. നിർമാണത്തിനാവശ്യമായ കൃഷ്ണശിലകളും ശ്രീകോവിൽ പൊതിയുന്നതിനുള്ള ചെമ്പുതകിടുകൾ സമർപ്പിക്കുന്നതിനും ക്ഷേത്ര കൗണ്ടറിൽ സൗകര്യമൊരുക്കിയിട്ടുള്ളതായും ഭാരവാഹികൾ പറഞ്ഞു.