മൂന്നാർ: ഇഡ്ഡലിപ്പാറക്കുടിയിൽ കുടിവെള്ള ടാങ്ക് നിർമ്മിച്ച് നൽകുമെന്ന് മുൻ എം.പിയും നടനുമായ സുരേഷ് ഗോപി. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയിൽ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ സുരേഷ് ഗോപി ഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മൂന്ന് കി.മീ. അകലത്തിൽ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു. ഈ വെള്ളം ശേഖരിക്കുന്നതായി താത്കാലിക ടാങ്ക് സജ്ജമാക്കാനായി പ്ലാസ്റ്റിക് പടുതയടക്കമുള്ള സാമഗ്രഹികളുമായാണ് അദ്ദേഹം എത്തിയത്. ഇഡ്ഡലിപ്പാറക്കുടിയിൽ കുടിവെള്ള ടാങ്ക് നിർമ്മിക്കുന്നതിന് വേണ്ട സാഹചര്യങ്ങളൊരുക്കുന്നതിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചാണ് സ്വീകരിച്ചത്. കുടിയുടെ ആചാര പ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. കുട്ടികൾ മുൻ എംപിക്ക് പൂക്കളും നൽകി. യോഗത്തിൽ മൂപ്പന്മാരെ ഷാളണിച്ച് സുരേഷ് ഗോപി ആദരിച്ചു. ഇഡ്ഡലിപ്പാറക്കുടിയിലെ ശോചനീയാവസ്ഥ ബോധ്യപ്പെട്ടതായും ഇത് സത്വര നടപടികൾക്ക് വേണ്ടി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തമെന്നും അദ്ദേഹം അറിയിച്ചു. കുടിയിലെ ആളുകൾക്കൊപ്പം ഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. ഇടമലക്കുടിയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടിമുടിയിലെത്തിയ സുരേഷ് ഗോപി ഉരുൾ ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പുഷ്പങ്ങൾ അർപ്പിച്ചാണ് യാത്ര ആരംഭിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മേഖല പ്രസിഡന്റ് എൻ. ഹരി, ജില്ലാ ജനറൽസെക്രട്ടറിമാരായ വി.എൻ. സുരേഷ്, വി.എസ്. രതീഷ്, മണ്ഡലം പ്രസിഡന്റ് അളകരാജ്, ജന. സെക്രട്ടറിമാരായ പി.പി. മുരുകൻ, സ്‌കന്ദകുമാർ, ജില്ലാ ഭാരവാഹികളായ സി. സന്തോഷ്‌കുമാർ, സോജൻ ജോസഫ്, തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.