തൊടുപുഴ: ഒക്ടോബർ 2 ന് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിനും ഗാന്ധിജയന്തി വാരാഘോഷത്തിനും ജില്ലയിൽ തുടക്കമാകും.
തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ഗാന്ധിജയന്തി വാരാഘോഷ പരിപാടികൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പിജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചക്ക് 2.30 ന് എസ് പിസി കുട്ടികളുടെ ബോധവൽക്കരണ റാലിയും തുടർന്ന് പൊതു സമ്മേളനവും നടക്കും. ഹയർ സെക്കന്ററി എൻഎസ്എസ് വോളന്റിയേഴ്‌സിന്റെ ഫ്‌ളാഷ് മോബ്, തെരുവ് നാടകം തുടങ്ങി വിവിധ പരിപാടികളും ചടങ്ങിൽ ഉണ്ടായിരിക്കും.