
കട്ടപ്പന :നഗരസഭയുടെ നേതൃത്വത്തിൽ 11 ദിവസത്തെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി. വാഴവര നിർമല സിറ്റിയിൽ ആദ്യ ക്യാമ്പ് ആരംഭിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെയും കട്ടപ്പന ഗവ. വെറ്ററിനറി പോളി ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ചു ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.
34 വാർഡുകളിലായി ഒക്ടോബർ 13 വരെയാണ് ക്യാമ്പ് നടത്തുക. ഓരോ വാർഡുകളിലും പ്രത്യക കേന്ദ്രങ്ങൾ ക്യാമ്പിനായി സജ്ജമാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളിലെ പേവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ നഗരസഭയിലെ എല്ലാ വളർത്തു നായ്ക്കളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നഗരസഭ അധികൃതർ അറിയിച്ചു. അനുവദിച്ച സമയ പരിധിക്കുള്ളിൽ വളർത്തു നായ്ക്കൾക്ക് വാക്‌സിനേഷൻ നടപടികൾ പൂർത്തീകരിച്ചില്ലെങ്കിൽ ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കാനാണ് നഗരസഭാ തീരുമാനം. ഒക്ടോബർ 20 ന് ശേഷം തെരുവ് നായ്ക്കൾക്കും വാക്‌സിനേഷൻ നൽകും.