തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കാമുകൻ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം വായിക്കുന്നതിന് ഒക്ടോബർ ആറ് വരെ ഹൈക്കോടതിയുടെ സ്റ്റേ. കേസിൽ രണ്ടാം പ്രതിയായിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കിയതിൽ നിയമസാധുതയില്ലെന്ന് ഉന്നയിച്ച് പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് സ്റ്റേ അനുവദിച്ചത്. കേസിന്റെ വിശദമായ വാദം ആറിന് ഹൈക്കോടതിയിൽ നടക്കും. അന്നേ ദിവസം പ്രോസിക്യൂഷന്റെ വാദവും കേൾക്കും. കേസിൽ പ്രോസിക്യൂഷനെ കേൾക്കാതെയാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് കേസ് നീണ്ടുപോകുന്നത്. എന്നാൽ വിചാരണ നീട്ടിക്കൊണ്ട് പോകാൻ പ്രതിഭാഗം മനപ്പൂർവ്വം ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ പറഞ്ഞു. നാലാം തവണയാണ് കുറ്റപത്രം വായിക്കാതെ കേസ് നീട്ടികൊണ്ട് പോകുന്നത്. കുറ്റപത്രം പോലും വായിക്കാത്തതിനാൽ വിചാരണ തുടങ്ങിയിട്ടില്ല. കൊലപാതക കേസിലും മറ്റൊരു വധശ്രമ കേസിലും പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി തള്ളി. മാപ്പുസാക്ഷിയായ അമ്മയെ ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും തെളിവ് നശിപ്പിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ചുമത്തിയിരുന്നു. പൊലീസ് കൂട്ടി ചേർക്കാതിരുന്ന വകുപ്പുകൾ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കൂട്ടിച്ചേർത്തത്. വിസ്തരിക്കാരുള്ള അമ്പതിലധികം സാക്ഷികളുടെ പട്ടികയും ഇവരെ വിസ്തരിക്കേണ്ട തീയതിയും ഉൾപ്പെടെ ഷെഡ്യൂൾ ലിസ്റ്റ് പ്രൊസിക്യൂഷൻ കോടതിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. 2019 ഏപ്രിൽ ആറിനാണ് പ്രതി അരുൺ ആനന്ദിന്റെ ക്രൂരമർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴ് വയസുകാരൻ മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ഏഴ് വയസുകാരനും അനുജൻ നാല് വയസുകാരനും പ്രതിയുടെ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 19 വർഷം കഠിനതടവും 23.81 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു.