ശാന്തൻപാറ: മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി സംസ്ഥാന പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പോലീസ്, എക്‌സൈസ് കുടുംബശ്രീ, സി. ഡി. എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ശ്യാമള ബാലൻ അദ്ധ്യക്ഷത വഹിച്ചു.

സെമിനാറിൽ ഉടുമ്പൻചോല എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം ക്ലാസ് നയിച്ചു. പൊതുസമൂഹത്തെയും യുവതലമുറയെയും മദ്യം, മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുക, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരവസ്തുക്കളുടെ വിൽപനയ്ക്കും ഉപയോഗത്തിനും തടയിടുക തുടങ്ങിയവയാണ് യോദ്ധാവ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ, മെഡിക്കൽ ഓഫിസർ ഡോ.അതുല്യ രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ടി. എം റംഷാദ് തുടങ്ങിയവർ പങ്കെടുത്തു.