പീരുമേട്: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് നിയമസഭാ നിയോജക മണ്ഡലത്തിൽ വാഴൂർ സോമൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. .
കട്ടപ്പന, അഴുത ബ്ലോക്കുകൾക്ക് സംയുക്തമായി കെ ചപ്പാത്തിൽ എ.ബി.സി. സെന്റർ സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനം. പ്രതിഷേധത്തെ തുടർന്ന് പ്രസ്തുത സ്ഥലത്ത് സെന്റർ സ്ഥാപിക്കാൻ സാധിക്കാത്ത പക്ഷം കുമളി മൃഗാശുപത്രിക്ക് സമീപത്തെ സ്ഥലത്ത് പുതിയ കെട്ടിടം സ്ഥാപിക്കുകയോ അല്ലെങ്കിൽ ചെങ്കരയിൽ ഒഴിഞ്ഞു കിടക്കുന്ന ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ എ.ബി.സി. സെന്റർ ആരംഭിക്കുകയോ ചെയ്യാനാണ് തീരുമാനം. പീരുമേട് പഴയ പാമ്പനാറിലെ ഗ്രാമപഞ്ചായത്ത് കെട്ടിടം, വണ്ടിപ്പെരിയാർ ഡൈമുക്കിൽ പകൽവീടിനായി പണിത കെട്ടിടം എന്നിവയും സന്ദർശിക്കാൻ നിർദേശം നൽകി.
ഉദ്യോഗസ്ഥരുടെ അപര്യാപ്തത ബന്ധപ്പെട്ട ജനപ്രതിനിധികൾ ചൂണ്ടികാട്ടി. മൃഗഡോക്ടർമാരുടെയും ലൈഫവ് സ്റ്റോക് ഇൻസ്‌പെക്ടർമാരുടെയും അഭാവം പ്രവർത്തനനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ഡോക്ടർമാരുടെയും ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെയും സേവനം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകുമെന്ന് എം.എൽ.എ വ്യക്തമാക്കി.
ഡോഗ് ക്യാച്ചേഴ്‌സിനുള്ള പരിശീലനത്തിൽ ചില പഞ്ചായത്തുകളിൽ നിന്നും ആരും പങ്കെടുത്തിരുന്നില്ല. ഇവർക്കായി ഒരിക്കൽ കൂടി വാഗമണ്ണിൽ പരിശീലനം നടത്താൻ തീരുമാനിച്ചു. എ.ബി.സി സെന്ററുകളിൽ എന്ത് പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ലൈഫ് സ്റ്റോക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റർ അസി. ഡയറക്ടർ ഡോ.ആശകുമാരി വിശദീകരിച്ചു.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ്, ഡെപ്യൂട്ടി കളക്ടർ എൽ എ മൂന്നാർ ദീപ കെ. പി., പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.